UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വംശവെറിയുണ്ടെങ്കില്‍ എങ്ങനെ ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം കഴിയും? വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ഞങ്ങള്‍ വംശീയവാദികളായിരുന്നെങ്കില്‍ ഞങ്ങള്‍ക്കൊപ്പം എങ്ങനെ മുഴുവന്‍ ദക്ഷിണേന്ത്യയുമുണ്ടായി.

ഞങ്ങള്‍ ഇന്ത്യക്കാര്‍ വംശവെറി കാണിക്കുകയോ വംശീയാതിക്രമം നടത്തുകയോ ചെയ്യാറില്ല. ഞങ്ങള്‍ ജീവിക്കുന്നത് ദക്ഷിണേന്ത്യക്കാരോടൊപ്പമാണ്. ബിജെപി നേതാവ് തരുണ്‍ വിജയ് ആണ് ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡയില്‍ നൈജീരിയയില്‍ നിന്നുള്ള രണ്ട് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം സംബന്ധിച്ച് അല്‍ ജസീറ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് തരുണ്‍ വിജയ് ഇങ്ങനെ പറഞ്ഞത്. ആഫ്രിക്കക്കാര്‍ ഇന്ത്യയില്‍ സുരക്ഷിതരാണോ എന്നായിരുന്നു ചോദ്യം. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംപിയുമാണ് തരുണ്‍ വിജയ്.

കറുത്ത ദൈവങ്ങളെ ആരാധിക്കുന്ന ഞങ്ങള്‍ക്ക് എങ്ങനെ വംശവെറിയന്മാരാവാന്‍ കഴിയുമെന്നും തരുണ്‍ വിജയ് ചോദിച്ചു. ശ്രീകൃഷ്ണന്റെ നിറം കറുപ്പാണെന്ന് തരുണ്‍ വിജയ് പറഞ്ഞു. ഇന്ത്യ – ആഫ്രിക്ക പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് അദ്ധ്യക്ഷനാണ് തരുണ്‍ വിജയ്. ഞങ്ങള്‍ വംശീയവാദികളായിരുന്നെങ്കില്‍ ഞങ്ങള്‍ക്കൊപ്പം എങ്ങനെ മുഴുവന്‍ ദക്ഷിണേന്ത്യയുമുണ്ടായി. തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകയും കേരളവുമെല്ലാം. എന്തിനാണ് ഞങ്ങള്‍ ഇവരോടൊപ്പം ജീവിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങളുമായി വരുന്നവര്‍ സ്വന്തം രാജ്യത്തേയും അതിന്റെ പാരമ്പര്യത്തേയും സംസ്‌കാരത്തേയുമൊക്കെയാണ് ഇകഴ്ത്തുന്നതെന്നും തരുണ്‍ വിജയ് അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാര്‍ തമ്മില്‍ തന്നെ പലപ്പോഴും സംഘര്‍ഷമുണ്ടാവാറുണ്ട്. ബിഹാറികള്‍ മറാത്തികളേയും തിരിച്ചുമൊക്കെ ആക്രമിച്ചിട്ടുണ്ട്്. ഒരു സമുദായം മറ്റൊരു സമുദായത്തെ ആക്രമിച്ചിട്ടുണ്ട്. ഇതൊന്നും വംശീയാക്രമണങ്ങള്‍ ആയിരുന്നില്ല. സാമ്പത്തിക കാരണങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമൊക്കെ ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണമാവാറുണ്ടെന്നും തരുണ്‍ വിജയ് പറഞ്ഞിരുന്നു. രൂക്ഷ വിമര്‍ശനങ്ങളാണ് തരുണ്‍ വിജയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. ഈ ഞങ്ങള്‍ എന്നത് കൊണ്ട് തരുണ്‍ വിജയ് ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകനായ നിത്യാനന്ദ് ജയരാമന്‍ ചോദിച്ചു. കറുപ്പ് ഒരു നിറമാണ്, അല്ലാതെ ആരുടെയെങ്കിലും വ്യക്തിത്വത്തിന്റെ പ്രത്യേകതയല്ലെന്നും നിത്യാനന്ദ് പറഞ്ഞു. ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന ബഹുസ്വരത പരസ്പരം വിവിധ സമൂഹങ്ങള്‍ പുലര്‍ത്തുന്ന സ്വീകാര്യതയുടെ തെളിവാണെന്നൊന്നും പറയാനാവില്ല. ജനസംഖ്യയുടെ അമ്പത് ശതമാനം സ്ത്രീകളുണ്ടെന്ന് കരുതി ഇന്ത്യ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞ പുരുഷമേധാവിത്ത മനോഭാവം കുറഞ്ഞ ഒരു സമൂഹമാണെന്ന് കരുതുന്ന പോലെയാകും അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍