UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവര്‍ ഗാന്ധിയേയും തടവിലാക്കിയേനെയെന്ന് രാമചന്ദ്ര ഗുഹ; സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ രാഹുല്‍ ഗാന്ധിയും

ആദിവാസി ഭൂമിയും വനവും അപഹരിക്കുകയും ധാതുസമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരാണ് ഇതിന് പിന്നില്‍ – രാമചന്ദ്ര ഗുഹ പറഞ്ഞു.

മഹാരാഷ്ട്രയില്‍ സാമൂഹ്യപ്രവര്‍ത്തകരേയും ബുദ്ധിജീവികളേയും അറസ്റ്റ് ചെയ്യുകയും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധവുമായി വിവിധ മേഖലകളിലെ പ്രമുഖര്‍. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടിയും സ്വേച്ഛാധിപത്യപരവും നിയമവിരുദ്ധവുമായ കാര്യങ്ങളുമാണ് മഹാരാഷ്ട്ര പൊലീസിലൂടെ നടപ്പാക്കപ്പെടുന്നതെന്ന് രാമചന്ദ്ര ഗുഹ എന്‍ഡിടിവിയോട് പറഞ്ഞു. ആദിവാസി ഭൂമിയും വനവും അപഹരിക്കുകയും ധാതുസമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരാണ് ഇതിന് പിന്നില്‍ – രാമചന്ദ്ര ഗുഹ പറഞ്ഞു.

സംസ്ഥാനത്തെ അഞ്ച് നഗരങ്ങളിലായി ഒമ്പത് ആക്ടിവിസ്റ്റുകളുടെ വഗീടുകളിലാണ് പൂനെ പൊലീസ് റെയ്ഡ് നടത്തിയത് – ഇതില്‍ വരാവര റാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, ഗൗതം നവ്‌ലാഖ, വെറോണ്‍ ഗോണ്‍സാല്‍വസ് എന്നിവരെ അറസ്റ്റ് ചെയ്തു. ജനുവരിയിലെ ഭീമ കൊറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പൊലീസിന്റെ വിശദീകരണം. ജൂണില്‍ സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റാവത്ത്, റോണ വില്‍സണ്‍, ഷോമ സെന്‍ എന്നിവരെ ഭീമ കൊറിഗാവില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ അറസ്റ്റുകളെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ രാജ്യത്തെ ആദിവാസി സമൂഹത്തിന്റെ ശബ്ദമായി പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ഗുഹ ചൂണ്ടിക്കാട്ടി. ആദിവാസി മേഖലകളില്‍ നടക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. ഇത് സമൂഹത്തിന് മുന്നിലെത്തിക്കുന്ന ആളുകളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് – രാമചന്ദ്ര ഗുഹ പറഞ്ഞു.

പുതിയ ഇന്ത്യയില്‍ ആര്‍എസ്എസ് എന്ന ഒറ്റ എന്‍ജിഒക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളൂ എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബാക്കിയുള്ളവരെയൊക്കെ അറസ്റ്റ് ചെയ്യണം. പരാതി പറയുകയോ എതിര്‍പ്പുയര്‍ത്തുകയോ ചെയ്യുന്നവരെ വെടിവച്ച് കൊല്ലാം – രാഹുല്‍ ട്വീറ്റ് ചെയ്തു.

എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്, അഭിഭാഷക ഇന്ദിര ജയ്‌സിംഗ് തുടങ്ങിയവരും സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തി. ഏത് നിമിഷവും പ്രഖ്യാപിച്ചേക്കാവുന്ന അടിയന്തരവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. നിയമവാഴ്ചയെ പ്രതിരോധിക്കാന്‍ ആരും ഇല്ലാത്തൊരു ദിവസവും ആരെയും പ്രതിരോധിക്കാന്‍ നിയമവാഴ്ചയില്ലാത്തൊരു ദിവസവും വരുമെന്ന് ഇന്ദിര ജയ്‌സിംഗ് മുന്നറിയിപ്പ് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍