UPDATES

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി എസ്ബിഐ ജനങ്ങളെ കൊള്ളയടിക്കുന്നു, ഇത് തോന്നിവാസം: തോമസ് ഐസക്

ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. നിരക്ക് വര്‍ദ്ധനയുടെ ഉദ്ദേശമെന്ത് എന്ന് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരോട് അന്വേഷിച്ചിട്ടും മനസിലാക്കാന്‍ കഴിയുന്നില്ല.

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് എസ്ബിഐയെന്ന് ധനമന്ത്രി തോമസ് ഐസക്. ജൂണ്‍ ഒന്ന് മുതല്‍ സൗജന്യ എടിഎം സേവനം നിര്‍ത്താനും ഓരോ ട്രാന്‍സാക്ഷനും 25 രൂപ ഈടാക്കാനുമുള്ള എസ്ബിഐ തീരുമാനം വലിയ വിവാദമാവുകയും ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഐസകിന്റെ പ്രതികരണം. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. നിരക്ക് വര്‍ദ്ധനയുടെ ഉദ്ദേശമെന്ത് എന്ന് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരോട് അന്വേഷിച്ചിട്ടും മനസിലാക്കാന്‍ കഴിയുന്നില്ല.

1.67 ലക്ഷം കോടി രൂപയാണ് എസ്‌ബിഐയുടെ കിട്ടാക്കടം.അതൊന്നും പിടിച്ചെടുക്കാന്‍ നടപടിയില്ല. സ്വകാര്യബാങ്കുകള്‍ ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് എസ്ബിഐ നടപ്പാക്കുന്നത്. ഇത് ജനങ്ങളെ ബാങ്കുകളില്‍നിന്ന് അകറ്റുമെന്നും ഐസക് പറഞ്ഞു.
ജനങ്ങള്‍ ബാങ്കുകളില്‍ പണം ഇടാന്‍ മടിക്കുന്നതോടെ കമ്പോളത്തിലേക്കുള്ള പണത്തിന്‍റെ ഒഴുക്ക് കുറയും. രാജ്യത്ത് സാമ്പത്തിക മുരടിപ്പ് ശക്തമായി തുടരും. ഈ തോന്നിവാസം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഐസക് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്ബിഐയുടെ ജനദ്രോഹ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. തിരുവനന്തപുരം എസ്ബിഐ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ചും പ്രതിഷേധവും സംഘടിപ്പിച്ചു.

എസ്ബിഐയുടെ പുതിയ സര്‍വീസ് ചാര്‍ജുകള്‍:

ജൂണ്‍ ഒന്ന് മുതല്‍ ഓരോ ഇടപാടിനും 25 രൂപ ഈടാക്കി സൗജന്യ എടിഎം സേവനം പൂര്‍ണമായും നിര്‍ത്തലാക്കാനാണ് തീരുമാനം.
പണം നിക്ഷേപിക്കുന്നതിന്നതിന് മിനിമം രണ്ട് രൂപമുതല്‍ മാക്‌സിമം എട്ട് രൂപ വരെ ഈടാക്കും. കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയുള്ള പണം പിന്‍വലിക്കലിനും മിനിമം ആറ് രൂപ ഈടാക്കും. സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്ക് ബുക്ക് അനുവദിക്കുന്നിതിലും ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും സര്‍വീസ് ടാക്‌സും ഈടാക്കും. 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും. ഇനി മുതല്‍ റുപ്പേ, ക്ലാസിക് എടിഎം കാര്‍ഡുകള്‍ മാത്രമേ സൗജന്യമായി നല്‍കൂ എന്നും എസ്ബിഐ വ്യക്തമാക്കുന്നു.

മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയില്‍ അധികം മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. 20ല്‍ കൂടുതല്‍ നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും. 5,000 രൂപയിലും അധികമാണെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കില്‍ 1000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയില്‍ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതി വരും. എന്നാല്‍ 1000 രൂപയ്ക്ക് അഞ്ചുരൂപ എന്ന കണക്കിലാണെങ്കില്‍ 62.50 രൂപയുമാണ് സേവന നികുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍