UPDATES

ട്രെന്‍ഡിങ്ങ്

അര്‍ണാബ് ഗോസ്വാമിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ടൈംസ് നൗവിന്റെ ക്രിമിനല്‍ കേസ്

ടൈംസ് നൗവിന്റേയും ടൈംസ് ഓഫ് ഇന്ത്യയുടേയും ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ കമ്പനി ലിമിറ്റഡ് (ബിസിസിഎല്‍) ആണ് കേസ് കൊടുത്തിരിക്കുന്നത്.

റിപ്പബ്ലിക് ചാനല്‍ എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് അര്‍ണാബിന്റെ മുന്‍ ചാനല്‍ ടൈംസ് നൗ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തും. മാദ്ധ്യമപ്രവര്‍ത്തകരായ അര്‍ണാബ് ഗോസ്വാമിക്കും പ്രേമ ശ്രീദേവിക്കും എതിരെയാണ് ചാനലിന്റെ വീഡിയോ മോഷ്ടിച്ചെന്ന് ആരോപിച്ച് മുംബൈയിലെ ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ടൈംസ് നൗവിന്റേയും ടൈംസ് ഓഫ് ഇന്ത്യയുടേയും ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ കമ്പനി ലിമിറ്റഡ് (ബിസിസിഎല്‍) ആണ് കേസ് കൊടുത്തിരിക്കുന്നത്.

അര്‍ണാബ് ഗോസ്വാമിയും പ്രേമ ശ്രീദേവിയും ഈ വീഡിയോ ടേപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുകയും വിശ്വാസവഞ്ചന കാണിക്കുകയും തങ്ങള്‍ക്ക് അവകാശപ്പെട്ട വസ്തു തട്ടിയെടുക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് ബിസിസിഎല്‍ പരാതിയില്‍ ആരോപിക്കുന്നു. രണ്ട് ന്യൂസ് റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടാണ് പരാതി. മേയ് ആറിനാണ് റിപ്പബ്ലിക് ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാവ് മുഹമ്മദ് ഷഹാബുദീനുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയതെന്ന് പറയുന്ന സംഭാഷണം പുറത്തുവിട്ടായിരുന്നു തുടക്കം. മേയ് എട്ടിന് സുനന്ദ പുഷ്‌കറിന്റെ സഹായിയുമായി പ്രേമ നടത്തിയ സംഭാഷണമാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിന് സുനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ചാനല്‍ പുറത്തുവിട്ടത്.

ഇതിന്റെ വീഡിയോകള്‍ തങ്ങള്‍ ടൈംസ് നൗവില്‍ ജോലി ചെയ്യുന്ന സമയത്ത്, രണ്ട് വര്‍ഷക്കാലമായി കൈവശം വച്ചിരിക്കുന്നതാണെന്ന് അര്‍ണാബും പ്രേമയും സമ്മതിച്ചിട്ടുണ്ട്. അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്ററും പ്രേമ ശ്രീദേവി അവിടെ റിപ്പോര്‍ട്ടറുമായിരുന്നു. കമ്പനിക്ക് അവകാശപ്പെട്ട വീഡിയോ അനുവാദമില്ലാതെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് കേസ്. ‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’ എന്ന ശ്രദ്ധേയമായ വാചകം റിപ്പബ്ലിക്കിലും ഗോസ്വാമി ഉപയോഗിക്കുന്നുണ്ട്. ഇതും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ടൈംസ് നൗ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍