UPDATES

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി; എംപി ദിനേശിന് പകരം ചുമതല

അതേസമയം 25 വര്‍ഷത്തിനിടെ ആദ്യമായി ഈ മാസം കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. നിലവില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ എംപി ദിനേശിന് പകരം ചുമതല നല്‍കി. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തച്ചങ്കരിക്കെതിരെ രംഗത്ത് വന്നിരുന്നു. റെവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. പിച്ച് കുര്യന്‍ വിരമിക്കുന്ന ഒഴിവിലാണിത്.

അതേസമയം 25 വര്‍ഷത്തിനിടെ ആദ്യമായി ഈ മാസം കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റാന്‍ മന്ത്രിസഭ യോഗം തീരുമാനമെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനും ലാഭത്തില്‍ കൊണ്ടുവരാനുമെന്ന് അവകാശപ്പെട്ട് വിവിധ പദ്ധതികള്‍ തച്ചങ്കരി മുന്നോട്ട് വച്ചിരുന്നു. ഇത്തരം നടപടികള്‍ തൊഴിലാളി യൂണിയനുകളില്‍ നിന്ന് എതിര്‍പ്പുയര്‍ത്തുകയാണുണ്ടായത്.

കെഎസ്ആര്‍ടിസി ഏതാണ്ട് അമ്പത് ശതമാനവും സ്വകാര്യവത്ക്കരിക്കപ്പെട്ടു എന്ന പരാതി ജീവനക്കാരും ഉദ്യോഗസ്ഥരും ഉന്നയിച്ചിരുന്നു. വന്‍കിടക്കാരുടെ കയ്യില്‍ നിന്ന് വാടക ബസുകള്‍ വാങ്ങി, അവയെ കൂടുതല്‍ നിരത്തിലിറക്കുക വഴി സ്വകാര്യ കമ്പനികളുടെ വ്യാപനമാവും നടക്കുക എന്നതിന്റെ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു എന്നാണ് അവര്‍ പറഞ്ഞത്.

2018 മാര്‍ച്ച് 31 മുതലുള്ള എല്ലാ പ്രമോഷനും ഫ്രീസ് ചെയ്തിരിക്കുകയാണെന്ന് ജീവനക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുഴുവന്‍ ജീവനക്കാരുടെ ഒരു ശതമാനം പേലും ആളുകള്‍ ഓഫീസര്‍മാരായി ഇല്ല എന്നും തച്ചങ്കരി പ്രമോഷന്‍ തടഞ്ഞുവച്ചിരിക്കുകയുമാണെന്നാണ് ജീവനക്കാര്‍ ആരോപിച്ചത്. തച്ചങ്കരി നിയമിതനായ ഉടന്‍ തന്നെ സ്ത്രീകളുള്‍പ്പെടെ പലരേയും മലയോര പ്രദേശങ്ങളിലേക്ക് വരെ സ്ഥലംമാറ്റുകയുമുണ്ടായി എന്നും ആരോപണമുണ്ടായിരുന്നു.
ജീവനക്കാര്‍ അധികമാണ് എന്ന് വാദിച്ച് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും സര്‍ക്കാരും തൊഴിലാളികളെ പിരിച്ചുവിടാന്‍ താല്‍പര്യപ്പടുന്നുവെന്നും അതേസമയം പുറംകരാര്‍ നല്‍കാന്‍ ശ്രമിക്കുന്നതായും തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് തച്ചങ്കരി എംഡിയായിരുന്ന കാലയളവില്‍ ജീവനക്കാര്‍ ഉയര്‍ത്തിയത്.

നാലായിരത്തോളം വരുന്ന എംപാനലുകാരെ പിരിച്ചുവിട്ട് പി എസ് സി ലിസ്റ്റ് വഴി സ്ഥിരനിയമനം നടത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാന്‍ രണ്ട് ദിവസത്തെ സാവകാശം തേടി കെഎസ്ആര്‍ടിസി എംഡി കോടതിയെ സമീപിച്ചെങ്കിലും എന്നാല്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവാതെ എംപാനലുകാരെ പിരിച്ച് വിട്ടേ മതിയാവൂ എന്ന കടുത്ത നിര്‍ദ്ദേശം കോടതി നല്‍കി. ഇതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പിരിച്ചുവിടലും പി എസ് സി ലിസ്റ്റില്‍ നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കലുമെല്ലാം നടന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 

നിയമനങ്ങള്‍, മാറ്റങ്ങള്‍

വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ജനുവരി 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.  വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി. വേണു നിര്‍വഹിക്കും. 

ആസൂത്രണ-സാമ്പത്തികകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ പൊതുഭരണവകുപ്പിന്‍റെ അധിക ചുമതല നല്‍കും. 

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊര്‍ജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചു. 

മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്സ്. അനില്‍ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ സിങ്ങിന് അധിക ചുമതലകളായി നല്‍കും. 

ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. 

ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും. 

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലികിന് ആസൂത്രണ സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു ഡയറക്ടര്‍ എന്നീ വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചു. 

പത്തനംതിട്ട എ.ഡി.എം വി.ആര്‍. പ്രേംകുമാറിനെ ഹയര്‍സെക്കന്‍ററി ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. അസാപ് സി.ഇ.ഒയുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും. 

കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന ടോമിന്‍ ജെ തച്ചങ്കരിക്കു പകരം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനെ മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍