UPDATES

ട്രെന്‍ഡിങ്ങ്

തച്ചങ്കരിയെ വിടില്ല; സിഐടിയു മുന്നോട്ട് തന്നെ; കെഎസ്ആര്‍ടിസിയില്‍ കൂട്ടക്കുഴപ്പം

സര്‍ക്കാര്‍ നയം നടപ്പാക്കുന്നുവെന്ന പേരില്‍ തച്ചങ്കരി ജീവനക്കാരേയും യാത്രക്കാരെയും പെരുവഴിയിലാക്കുകയാണെന്ന് യൂണിയനുകള്‍

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നും ടോമിന്‍ ജെ തച്ചങ്കരിയെ പുറത്താക്കാനുള്ള നീക്കങ്ങളുമായി ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള കര്‍ശന നടപടികളില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന തച്ചങ്കരി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോളാണ് ഭരണ പക്ഷ രാഷ്ട്രീയ കക്ഷി തന്നെ എംഡിക്കെതിരേ രംഗത്തെത്തുന്നത്. സംഘടനാ നിലപാടിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ എസ് ആര്‍ടിസിയില്‍ തച്ചങ്കരി മുന്നോട്ട് വയ്ക്കുന്ന നയങ്ങള്‍ അംഗീകരിക്കാനാവാത്തതാണ് കാരണം. അത്തരം സാഹചര്യങ്ങള്‍ അംഗീകരിക്കേണ്ട സ്ഥിതി ഉണ്ടാവുന്നതിനേക്കാള്‍ സിഐടിയു എന്ന സംഘടന ഇല്ലാതാവുന്നതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ഇതോടെ വെള്ളിയാഴ് ചേരാനിരിക്കുന്ന സിപിഎം സെക്രട്ടേറിയേറ്റ് ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. വിഷയം എല്‍ഡിഎഫ് യോഗത്തില്‍ എഐടിയുസി ഉന്നയിക്കുമെന്നും വിവരമുണ്ട്.

സര്‍ക്കാര്‍ നയം നടപ്പാക്കുന്നുവെന്ന പേരില്‍ തച്ചങ്കരി ജീവനക്കാരേയും യാത്രക്കാരെയും പെരുവഴിയിലാക്കുകയാണ്. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതും സര്‍വീസ് വെട്ടിക്കുറച്ചതും യൂണിയനുകളെ പ്രകോപിച്ചിട്ടുണ്ട്. റിസര്‍വേഷന്‍ സെന്ററുകള്‍ കുടുംബശ്രീയെ ഏല്‍പിച്ചതും, പുതിയ ബസുകള്‍ വാങ്ങേണ്ടെന്ന നിലപാടും സ്വകാര്യബസ് ലോബിയെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍ വിഷയത്തിലെ അന്തിമ തീരുമാനം മുഖ്യന്ത്രിയുടേതായിരിക്കും.

അതേസമയം, പ്രതിസന്ധിയില്‍ ഉഴലുമ്പോഴും കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത സമരത്തെ വിലക്കി ഹൈക്കോടതി രംഗത്തെത്തി. ഒത്തുതീര്‍പ്പിനുള്ള വഴികള്‍ നോക്കാതെ സമരത്തിലേക്ക് പോകുന്ന നിലപാട് ശരിയല്ല. ഒരുവലിയ വിഭാഗത്തിന്റെ യാത്രമാര്‍ഗമായ കെഎസ് ആര്‍ടിസിയെ അവശ്യസര്‍വീസ് ആയി പരിഗണിക്കണമെന്നും യൂണിയനുകളോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടു മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്ദൻ അഴിമുഖത്തിനും നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ടോമിന്‍ ജെ തച്ചങ്കരിയുമായി പ്രശ്നമില്ല എന്നാണ് “ഈ സംസ്ഥാനത്തെ ഒരുപാട് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നിന്റെ നേതൃനിരയിൽ ഇരിക്കുന്ന ഒരാൾ ആണ് അദ്ദേഹം. ഇത്തരത്തിൽ വിവിധ സ്ഥാപനങ്ങളുടെ എം.ഡിമാരുമായി ചർച്ചകൾ നടത്താറുണ്ട്. എന്നാൽ ടോമിൻ ജെ തച്ചങ്കരിയുമായിട്ട് ഞാൻ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നും ഇത് വരെ ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹവുമായി എനിക്കെന്തോ പ്രശ്നം ഉണ്ടെന്ന നിങ്ങളുടെ ധാരണ തെറ്റാണ്. പക്ഷേ ഏതു മേഖലയായാലും തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾക്ക് കാർക്കശ്യമുണ്ട്.”

മാനേജ്‌മെന്റ് കാര്യങ്ങളിൽ തൊഴിലാളി സംഘടനകൾ അനാവശ്യമായി ഇടപെടുന്നു എന്ന ആരോപണം കെഎസ്ആർടിസി എം.ഡി ടോമിൻ ജെ തച്ചങ്കരി ഉന്നയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് “ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ, അതായത് നവ ലിബറൽ നയങ്ങൾ വരുന്നതിനു മുൻപേ തന്നെ തൊഴിലാളികൾക്ക് മാനേജ്‌മെന്റ് കാര്യങ്ങളിൽ കൃത്യമായ പ്രാതിനിധ്യം നൽകണം എന്ന് ഗവണ്മെന്റ് നിർദേശിച്ചിട്ടുണ്ട്” എന്നാണ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞത്. “ബ്യൂറോക്രാറ്റുകളുടെ അഴിമതി തടയുകയാണ് ലക്ഷ്യം. മാനേജ്‌മെന്റിന്റെ വിവിധ തലങ്ങളിൽ മാർക്കറ്റിങ്, പ്രൊഡക്ഷൻ, പർച്ചേസിംഗ് എല്ലാം തന്നെ വൈദഗ്ദ്യമുള്ള അതാത് മേഖലയിലെ വിദഗ്ദ്ധരായ തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ട് കമ്മിറ്റികൾ രൂപീകരിക്കുകയും അതനുസരിച്ചു കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോവുന്നതിലൂടെ സാധിക്കും. ഒരുദാഹരണം പറയുകയാണെങ്കിൽ ഒരു സാധനം വാങ്ങുമ്പോൾ അതിന്റെ ക്വാളിറ്റി ചെക് ചെയ്യാനും വിലയിരുത്താനും ആ മേഖലയിലെ വിദഗ്ദ്ധനായ ഒരു തൊഴിലാളിക്ക് കഴിയുന്ന പോലെ ഒരു പൊന്നു തമ്പുരാനും കഴിയില്ല. കെഎസ്ആർടിസി മാത്രമല്ല, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് ഫങ്ക്ഷനുകളിൽ തൊഴിലാളികൾക്ക് പ്രാതിനിധ്യമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ വരെ ഇങ്ങനെ ഒരു പ്രാക്ടീസ് നിലവിലുണ്ട്. അതൊന്നും വേണ്ട, ഒരു ഏകാധിപത്യ സിസ്റ്റം മതി ലാഭം ഉണ്ടാക്കാൻ എന്ന് ധരിക്കുന്നത് മൗഢ്യമാണ്. അത് അടിമ – ഉടമ കാലഘട്ടത്തിന്റെ ചിന്താഗതിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ അതിന് ഒരു സ്ഥാനവും ഇല്ല. വൈദഗ്ധ്യവും കഴിവുമുള്ള തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ന് ലോകത്തുള്ള പൊതുമേഖല ആയാലും സ്വകര്യ സ്ഥാപനം ആയാലും അവരുടെ മാനേജ്‌മെന്റ് ഫങ്ക്ഷനുകൾ മുന്നോട്ടു കൊണ്ടുപോകുന്നത്.”

ടോമിന്‍ ജെ തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയമനമാണ് എന്നു വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്തായാലും തൊഴിലാളികളും എം ഡിയും തമ്മിലുള്ള പോര് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സിയെ തകര്‍ത്തു കളയുമെന്ന ആശങ്ക ശകതമാവുകയാണ്.

തച്ചങ്കരിയുമായി പ്രശ്നങ്ങളില്ല; എല്ലാ കുറ്റങ്ങളും തൊഴിലാളിയുടെ തലയില്‍ വയ്ക്കാന്‍ പറ്റില്ല; ആനത്തലവട്ടം ആനന്ദന്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍