UPDATES

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല: സെന്‍കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റു

11 മാസത്തിന് ശേഷമാണ് സെന്‍കുമാര്‍ ഡിജിപിയായി തിരികെയെത്തുന്നത്. സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ഡിജിപി ലോക്നാഥ് ബെഹ്റയില്‍ നിന്ന് അധികാര ദണ്ട് ഏറ്റുവാങ്ങിയ ശേഷമാണ് ഡിജിപിയുടെ ചുമതല അദ്ദേഹം ഏറ്റെടുത്തത്. ഇന്നലെ വൈകീട്ട് സെന്‍കുമാറിന്‍റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വച്ചിരുന്നു. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്‍റെ സര്‍വീസ് കാലാവധി.

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും നല്ല കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. എല്ലാ ജനങ്ങള്‍ക്കും സര്‍ക്കാരിനും നല്ല കാര്യങ്ങള്‍ ചെയ്യുക എന്നതിനാണ് പ്രയോരിറ്റി. സ്ത്രീസുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുന്നോട്ട് പോകും. നിയമ പ്രശ്നങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. അത് ശരിയല്ല. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഞാന്‍. നിയമപരമായ കാര്യങ്ങളാണ് പൊലീസ് നടപ്പാക്കുക. നിയമപരമല്ലാത്ത സര്‍ക്കാര്‍ നയം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ നയം നടപ്പാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍. പൊലീസ് റേഞ്ച് യോഗങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി അദ്ദേഹത്തെ കാണുമെന്നും സെന്‍കുമാര്‍ പറഞ്ഞു. പൊലീസിന് ഉപദേഷ്ടാവ് ഇല്ലെന്നും മുഖ്യമന്ത്രിക്കാണ് പൊലീസ് ഉപദേഷ്ടാവ് ഉള്ളതെന്നും സെന്‍കുമാര്‍ ആവര്‍ത്തിച്ചു. രമണ്‍ ശ്രീവാസ്തവ പൊലീസിന്‍റെ ഉപദേഷ്ടാവ് അല്ലെന്നും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാണെന്നും നേരത്തെ അദ്ദേഹം അഴിമുഖത്തോട് പറഞ്ഞിരുന്നു.

11 മാസത്തിന് ശേഷമാണ് സെന്‍കുമാര്‍ ഡിജിപിയായി തിരികെയെത്തുന്നത്. സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി ശരി വച്ച ഹൈക്കോടതി വിധി ഏപ്രില്‍ 14ന് സുപ്രീംകോടതി റദ്ദാക്കുകയും ഡിജിപിയായി സെന്‍കുമാറിനെ വീണ്ടും നിയമിക്കാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. നിയമന ഉത്തരവ് നടപ്പാക്കുന്നില്ലെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിച്ചു. സെന്‍കുമാര്‍ കേസില്‍ വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി 25,000 രൂപ പിഴയും ഇട്ടു. സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് സെന്‍കുമാറിന്‍റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചത്.

2016 മേയ് 25ന് അധികാരമേറ്റ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തൊട്ടടുത്ത ദിവസം തന്നെ കിട്ടിയ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മേയ് 31നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കുകയും ലോക് നാഥ് ബെഹ്രയെ നിയമിക്കുകയും ചെയ്തത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ജിഷ കേസ് എന്നിവയില്‍ ഗുരുതരമായ വീഴ്ച വരുത്തി എന്ന് ആരോപിച്ചുള്ളതായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ നിയമ പോരാട്ടവുമായി നീങ്ങിയ സെന്‍കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സെന്‍കുമാര്‍ ബിജെപി ക്യാമ്പിലാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍