UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെലങ്കാനയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ്‌ജെന്‍ഡറെ കാണാതായി; തട്ടിക്കൊണ്ടുപോയതെന്ന് സംശയം

ചന്ദ്രമുഖിയെ കാണാനില്ലെന്ന് കാണിച്ച് ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കി.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ ചന്ദ്രമുഖി മുവ്വലയെ കാണാതായി.ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റുമായ ചന്ദ്രമുഖിയെ ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുമാണ് ചന്ദ്രമുഖി ജനവിധി തേടുന്നത്. ചന്ദ്രമുഖിയെ കാണാനില്ലെന്ന് കാണിച്ച് ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കി.

വീട്ടില്‍നിന്നാണ് ചന്ദ്രമുഖിയെ കാണാതായതെന്ന് തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ചന്ദ്രമുഖിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇവരാണ്. എന്നാല്‍ ചന്ദ്രമുഖിയുമായി ബന്ധപ്പെടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ കാണാനില്ലെന്ന് വ്യക്തമായതെന്ന് സമിതി പറഞ്ഞു. ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച പ്രചരണം കഴിഞ്ഞ്‌ വളരെ വൈകി രാത്രി വീട്ടിലെത്തിയ ചന്ദ്രമുഖി അടുത്ത ദിവസം രാവിലെ ഒരു സംഘം പുരുഷന്‍മാരുമായി വീട്ടില്‍ നിന്നും പോയിരിക്കാമെന്നാണ് സംശയിക്കുന്നത്. പ്രദേശവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

തെലങ്കാനയിലെ ആദ്യ ട്രാന്‍സ്‍വുമണ്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. നിലവിലെ ബിജെപി എംഎല്‍എ രാജ സിംഗിന് പുറമെ കോണ്‍ഗ്രസിന് വേണ്ടി മുകേഷ് ഗൗഡ്, ടിആര്‍എസിന് വേണ്ടി പ്രേം സിംഗ് റാത്തോര്‍ എന്നിവരും ഗോഷാമഹലില്‍ മത്സരിക്കുന്നുണ്ട്. ചന്ദ്രമുഖിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് രാജ്യാന്തര തലത്തിൽ ഉറ്റു നോക്കുന്ന മണ്ഡലം കൂടിയാണ് ഗോഷാമഹൽ.ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

തെലങ്കാനയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ട്രാന്‍സ്‌ജെന്‍ഡറും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍