UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപകടം ക്ഷണിച്ചു വരുത്തരുത്, യാത്രികർ ശ്രദ്ധിക്കുക:. ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരം നിരോധിച്ചു

റിസോർട്ട്, ഹോട്ടൽ എന്നിവിടങ്ങളിൽ നിലവിലുള്ള ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ മാനേജ്‌മെന്റ് ശ്രദ്ധിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ അതീവഗൗരവമായി പാലിക്കണം.

ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരം ഇനി ഒരറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ നിരോധിച്ചതായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ അടക്കമുള്ള അപകട സാധ്യതയുള്ളതിനാലാണ് നിരോധനം.

അതെ സമയം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ വിദേശികൾ അടക്കമുള്ള ടൂറിസ്റ്റുകളും ഡ്രൈവർമാരും പള്ളിവാസൽ പ്ലംജുഡി റിസോർട്ടിൽ കുടുങ്ങികിടക്കുന്നതായി വിവരം അറിഞ്ഞതിനെ തുടർന്ന് റിസോർട്ട് അധികൃതരുമായും ടൂറിസ്റ്റുകളുമായും ബന്ധപ്പെട്ടെന്നും അവർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്എന്നും കടകംപള്ളി പത്രക്കുറിപ്പിൽ അറിയിച്ചു. ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റും സൗജന്യമായി നൽകാൻ റിസോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിസോർട്ടിന് മുന്നിലുള്ള റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത് മൂലം അവരെ അവിടെ നിന്നും മാറ്റാൻ സാധിക്കാത്ത അവസ്ഥയുണ്ട്. മണ്ണ് നീക്കം ചെയ്ത് ഇവരെ അവിടെ നിന്നും മാറ്റാൻ സൈന്യം അടക്കമുള്ള രക്ഷാപ്രവർത്തകരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഇടുക്കി, വയനാട് ജില്ലകളിൽ റോഡുകളും പാലങ്ങളും തകർന്നുകിടക്കുകയാണ്. ഡാമുകളുടെ ഷട്ടർ തുറന്നിരിക്കുന്ന സാഹചര്യത്തിൽ നദികളിൽ ജലനിരപ്പ് കൂടുതലാണ്. അപകടകരമായ സാഹചര്യം നിലനിൽക്കുന്ന മേഖലകളിലേക്കുള്ള വിനോദസഞ്ചാരം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. നിലവിൽ ടൂറിസം കേന്ദ്രങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. അപകടകരമായ സാഹചര്യമുണ്ടെങ്കിൽ അടിയന്തിരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

റിസോർട്ട്, ഹോട്ടൽ എന്നിവിടങ്ങളിൽ നിലവിലുള്ള ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ മാനേജ്‌മെന്റ് ശ്രദ്ധിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ അതീവഗൗരവമായി പാലിക്കണം. നിലവിൽ ടൂറിസം കേന്ദ്രങ്ങളിലുള്ള ടൂറിസ്റ്റുകൾക്കും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർക്കും എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തണമെന്ന് അതാത് ജില്ലാഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ടുപോയവരുണ്ടെങ്കിലോ, ടൂറിസം കേന്ദ്രങ്ങളിലേക്ക് പോയവരെ ബന്ധപ്പെടാൻ കഴിയാത്തതും തിരികെയെത്താൻ വൈകുന്നതുമായ സാഹചര്യമുണ്ടെങ്കിലോ ടൂറിസം വകുപ്പിനെയോ അതാത് ജില്ലാ ഭരണകൂടത്തെയോ അടിയന്തിരമായി അറിയിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍