UPDATES

നിതീഷ് കുമാര്‍ രാജി വച്ചു; മഹാസഖ്യം തകര്‍ന്നു

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെ പിന്തുണച്ചതോടെ തന്നെ നിതീഷ് എന്‍ഡിഎ പാളയത്തിലേയ്ക്ക് അടുക്കുകയാണെന്ന സൂചന വ്യക്തമായിരുന്നു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു. ആര്‍ജെഡിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നിതീഷിന്റെ രാജി. രാഷ്ട്രപതി തിരെഞ്ഞെടുപ്പില്‍ രാംനാഥ് നിതീഷ് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്ക് രാജി കൈമാറി. ബിഹാറിന്റെ താല്‍പര്യം കണക്കിലെടുത്താണ് രാജിയെന്നും വേറെ വഴിയില്ലെന്നും നിതീഷ് പ്രതികരിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ജെഡി തന്നെ അനുവദിക്കുന്നില്ലെന്നും മഹാസഖ്യവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും നിതീഷ് വ്യക്തമാക്കി. അഴിമതിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ് രാജി എന്നും നിതീഷ് അവകാശപ്പെട്ടു.

ആര്‍ജെഡിയുമായി വിവിധ വിഷയങ്ങളില്‍ ഏറെക്കാലമായി സംഘര്‍ഷത്തിലായിരുന്നു നിതീഷ്. ആര്‍ജെഡിയാണ് ബീഹാറിലെ ഏറ്റവും വലിയ ഒറ്റ കക്ഷി. മൂന്നു മാസമായി ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും അനധികൃത സ്വത്ത് വിവരങ്ങൾ ഓരോന്നായി പുറത്തു വന്നിരുന്നു. ഉപമുഖ്യമന്ത്രിയും ലാലുവിന്‍റെ മകനുമായ തേജസ്വി യാദവിനെതിരായ അനധികൃത സ്വത്ത് സമ്പാദന  കേസും എന്‍ഫോഴ്‌സ്‌മെന്റ്‌,  സിബിഐ റെയ്ഡുമെല്ലാം ജെഡിയുവും ആര്‍ജെഡിയും തമ്മിലുള്ള ബന്ധം വഷളാക്കി. തേജസ്വി യാദവ് രാജിവയ്ക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ആർജെഡി നേതൃത്വം ഇതിന് ചെവികൊടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിതീഷിന്റെ രാജി പ്രഖ്യാപനമെത്തിയത്.

അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെ പിന്തുണച്ചതോടെ തന്നെ നിതീഷ് എന്‍ഡിഎ പാളയത്തിലേയ്ക്ക് അടുക്കുകയാണെന്ന സൂചന വ്യക്തമായിരുന്നു. മോദിയുടെ നോട്ട് നിരോധനത്തെ നിതീഷ് പിന്തുണച്ചത്  അപ്രതീക്ഷിതമായിരുന്നു.  2015 ഒക്ടോബര്‍ – നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം (മഹാ ഗത്ബന്ധന്‍) ബിജെപിയെ പരാജയപ്പെടുത്തി വന്‍ വിജയം നേടിയിരുന്നു.  നിതീഷ് കുമാറിന്റെ ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവ ചേര്‍ന്നാണ് മഹാസഖ്യം രൂപീകരിച്ചത്. സര്‍ക്കാരിനും ബിജെപിക്കുമെതിരായി ദേശീയതലത്തില്‍ വലിയ പ്രതിപക്ഷ മുന്നേറ്റമായാണ് ഈ വിജയം വിലയിരുത്തപ്പെട്ടിരുന്നത്. 2013ല്‍ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ടത് ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ ആരോപണവിധേയനായ നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാനാവില്ലെന്ന്‌ പറഞ്ഞായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍