UPDATES

ട്രെന്‍ഡിങ്ങ്

പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നു, കൂടുതലും ഐപിഎസുകാര്‍ക്കിടയില്‍: സെന്‍കുമാര്‍ 

ക്രിമിനല്‍ സ്വഭാവമുളള ചില ഉദ്യോഗസ്ഥര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പൊലീസില്‍ ക്രിമിനല്‍ മനോഭാവമുളളവര്‍ കൂടുന്നുവെന്ന് ഡിജിപി സെന്‍കുമാര്‍. ഐപിഎസ് തലത്തിലാണ് കൂടുതല്‍ ക്രിമിനലുകളുളളതെന്നും സെന്‍കുമാര്‍ ആരോപിച്ചു. ഇന്ന് വിരമിക്കുന്നതിന് മുന്നോടിയായി വിടവാങ്ങല്‍ പരേഡ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനുളള ഏറ്റവും വലിയ ഭീഷണി ഉയരുന്നത് പുറത്തുനിന്നല്ല, സേനക്കുളളില്‍ നിന്ന് തന്നെയാണ്. താഴേതട്ടില്‍ ഒരുശതമാനം ക്രിമിനലുകളാണെങ്കില്‍ ഐപിഎസില്‍ അത് നാല് ശതമാനമാണെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. പൊലീസിനെ സംബന്ധിച്ച് പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി പാലിക്കേണ്ടത് ധാര്‍മ്മികവും നിയമപരവുമാണ്. അത് മനസിലാകാതെ പ്രവര്‍ത്തിക്കുന്ന അപൂര്‍വം പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപിയായി തിരിച്ചെത്തിയശേഷം നല്ല പിന്തുണയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. എല്ലാവരോടും പറയുന്ന പോലെ വളരെ തുറന്ന് തന്നെ കാര്യങ്ങള്‍ അദ്ദേഹത്തോട് പറയുകയും അദ്ദേഹം അതിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുളള ചില ഉദ്യോഗസ്ഥര്‍ അതിനിടയില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊലീസിന് പുറമെ മറ്റ് വകുപ്പുകളില്‍ ജോലി ചെയ്തിരുന്നു. പൊലീസില്‍ മാത്രമേ ജോലി ചെയ്യൂ എന്നുള്ളവര്‍ കൂപമണ്ഡൂകങ്ങളാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. പൊലീസുകാര്‍ ആദ്യം നിയമം പാലിക്കണം, എന്നിട്ടെ മറ്റുളളവരെ പാലിക്കാന്‍ നിര്‍ബന്ധിക്കാവൂ. ഏറ്റവും സത്യസന്ധവും ആത്മാര്‍ത്ഥവുമായിട്ടാണ് ജോലി ചെയ്തത്. അതുകൊണ്ട് ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. വിരമിച്ചതിന് ശേഷം പൊതുരംഗത്തുണ്ടാകുമെന്ന സൂചന നല്‍കിയാണ് സെന്‍കുമാര്‍ പ്രസംഗം അവസാനിപ്പിച്ചതും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍