UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് ബില്‍ ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്; സഭയില്‍ ബഹളം

ഇത് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ബില്‍ ആണെന്നും രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു.

മുത്തലാഖ് ചെയ്യുന്ന മുസ്ലീം പുരുഷന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഏതെങ്കിലും മതത്തിനോ സമുദായത്തിനോ എതിരല്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ലോക് സഭയില്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്. ഈ ബില്‍ ഏതെങ്കിലും വിശ്വാസങ്ങള്‍ക്കെതിരല്ല. ഇത് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ബില്‍ ആണെന്നും രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. 20 ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് മതനിരപേക്ഷ രാജ്യമായ ഇന്ത്യക്ക് അതായിക്കൂടാ? ഇതിനെ രാഷ്ട്രീയ കണ്ണടയിലൂടെ നോക്കിക്കാണരുതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മുസ്ലീം വിമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ബില്‍ 2018 ആണ് സഭ ചര്‍ച്ച ചെയ്യുന്നത്.

അതേസമയം പ്രതിപക്ഷം ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ഇതിനെ പിന്തുണച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. പുതുക്കിയ ബില്ലാണ് നിലവില്‍ സഭയില്‍ വച്ചിരിക്കുന്നത്. പുതിയ ബില്ലില്‍ ഇളവുകളോടെ ജാമ്യവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2017 ഓഗസ്റ്റിലാണ് മുസ്ലീങ്ങള്‍ക്കിടയിലെ ഏകപക്ഷീയ വിവാഹമോചന രീതിയായ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണ് എന്ന് സുപ്രീം കോടതി വിധിച്ചത്. പുതിയ ബില്‍ അവതരിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എതിര്‍ത്തിരുന്നു. സിവില്‍ നിയമ പ്രകാരം കൈകാര്യം ചെയ്യേണ്ട വിഷയം ക്രിമിനല്‍ പ്രശ്‌നമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍