UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ത്താവ് ഉപേക്ഷിച്ചവരെ സംരക്ഷിക്കാന്‍ നിയമം വേണം; മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ ഒവൈസി

ഈ രാജ്യത്ത് ഭര്‍ത്താക്കന്മാര്‍ ഭാര്യയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുകയും എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് വേറിട്ട് ജീവിക്കേണ്ടി വരുകയും ചെയ്യുന്നവരുണ്ട്. ഇവര്‍ക്ക് വേണ്ടി ഒരു നിയമനിര്‍മ്മാണം നടത്തണം.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ഓര്‍ഡിനന്‍സ് മുസ്ലീം സ്ത്രീകള്‍ക്കെതിരെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസി. ഈ ഓര്‍ഡിനന്‍സ് മുസ്ലീം സ്ത്രീകള്‍ക്ക് നീതി നല്‍കില്ലെന്ന് ഒവൈസി അഭിപ്രായപ്പെട്ടു. ഇസ്ലാമില്‍ വിവാഹം ഒരു സിവില്‍ കരാറാണ്. ഇതുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ കൊണ്ടുവരുന്നത് തെറ്റാണ്. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു. മുസ്ലീങ്ങളെ മാത്രം ഉദ്ദേശിച്ച് ഇറക്കുന്നതായതിനാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് ഇത് എതിരാണ്. അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും വനിത സംഘടനകളും ഇതിനെ എതിര്‍ത്ത് രംഗത്ത് വരണമെന്നും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യണമെന്നും അസദുദീന്‍ ഒവൈസി ആവശ്യപ്പെട്ടു.

ഈ രാജ്യത്ത് ഭര്‍ത്താക്കന്മാര്‍ ഭാര്യയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുകയും എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് വേറിട്ട് ജീവിക്കേണ്ടി വരുകയും ചെയ്യുന്നവരുണ്ട്. ഇത്തരത്തില്‍ 24 ലക്ഷത്തോളം പേരുണ്ട്. ഇത്തരത്തില്‍ ഒറ്റപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും ജീവിക്കേണ്ടി വരുന്ന വിവാഹിതകളായ സ്ത്രീകള്‍ക്ക് വേണ്ടി ഒരു നിയമനിര്‍മ്മാണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് ഒവൈസി പറഞ്ഞു.

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ആണ് 2017 ഓഗസ്റ്റ് 22ന് മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചത്. ഷയറ ബാനു, അഫ്രീന്‍ റഹ്മാന്‍, ഇഷ്രത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീണ്‍, ഫറ ഫായിസ് എന്നീ അഞ്ച് മുസ്ലീം സ്ത്രീകളുടെ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍