UPDATES

വാര്‍ത്തകള്‍

ത്രിപുര ബിജെപി വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടു, കോണ്‍ഗ്രസിലേയ്ക്ക് ‘ഘര്‍ വാപ്പസി’

കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന സുബാല്‍ ഭൗമിക് 2014ലാണ് ബിജെപിയിലേയ്ക്ക് കൂട് മാറിയത്.

ബിജെപി ത്രിപുര വൈസ് പ്രസിഡന്റ് സുബാല്‍ ഭൗമിക് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോവുകയാണ് എന്ന് സുബാല്‍ ഭൗമിക് അറിയിച്ചു. ഇന്നലെ രാത്രി അഗര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സുബാല്‍ ഭൗമിക് ഇക്കാര്യം അറിയിച്ചത്. Enough is enough എന്ന് ഫേസ്ബുക്കില്‍ സുബാല്‍ ഭൗമിക് എഴുതി.

ബിജെപിയില്‍ ഒരു ബാധ്യതയായി തുടരാന്‍ താല്‍പര്യമില്ല. ഞാന്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായാല്‍ സര്‍ക്കാര്‍ വീഴുമെന്ന് ചിലര്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ വലിയ പോരാട്ടം നടത്തിയാണ് ബിജെപി അധികാരം പിടിച്ചത്. ഇത് ഇല്ലാതാക്കാനും സര്‍ക്കാരിനെ വീഴ്ത്താനും താല്‍പര്യമില്ല – സുബാല്‍ ഭൗമിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രദ്യുത് മാണിക്യയുമായി സുബാല്‍ ഭൗമിക് ചര്‍ച്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി വരുമ്പോള്‍ അദ്ദേഹത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭൗമിക് പറഞ്ഞു. നാളെ ഖുമുല്‍വുങിലാണ് രാഹുല്‍ ഗാന്ധിയുടെ റാലി. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന സുബാല്‍ ഭൗമിക് 2014ലാണ് ബിജെപിയിലേയ്ക്ക് കൂട് മാറിയത്. സോനാമുര എംഎല്‍എ ആയിരുന്ന സുബാല്‍ ഭൗമിക് 2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ത്രിപുര വെസ്റ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുബാല്‍ ഭൗമിക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍