UPDATES

ശബരിമല LIVE: ബിജെപിയുടെ പ്രതിഷേധ ദിനാചരണം; ഇന്ന് ദേശീയപാതകൾ ഉപരോധിക്കും; കെ സുരേന്ദ്രന്റെ അറസ്റ്റ് ‘ആപൽക്കര’മെന്ന് ശ്രീധരൻപിള്ള

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് നാളെ ബിജെപിയുടെ പ്രതിഷേധ ദിനാചരണം.

09.36 PM

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ആപൽക്കരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീരൻപിള്ള. അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്തൊട്ടുക്ക് ‘പ്രതിഷേധദിനം’ ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ ഗൗരവം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.


09.11 PM

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം നടത്തുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ. പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കെ സുരേന്ദ്രനെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായി പൊലീസ്. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ് അടക്കമുള്ളവരെയാണ് കെ സുരേന്ദ്രനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുള്ളത്.


08.37 PM

സന്നിധാനത്ത് വിരിവെച്ച അയ്യപ്പഭക്തരെ പൊലീസ് നീക്കം ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ട്. സുരക്ഷാ സംവിധാനങ്ങളിൽ ഇളവ് നൽകണമെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇളവനുവദിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിജെപി നേതാക്കൾ മണ്ഡലകാലത്തെ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കാൻ പദ്ധതിയിടുന്നത് മുന്നിൽക്കണ്ടാണ് പൊലീസിന്റെ നീക്കങ്ങളെന്നറിയുന്നു.


ശബരിമലയിൽ ദർശനത്തിന് വീണ്ടുമെത്തിയ മേരി സ്വീറ്റിയെ പൊലീസ് അനുനയിപ്പിച്ച് തിരിച്ചയച്ചതായി റിപ്പോർട്ട്. ബസ്സിലാണ് ഇവർ തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുന്നത്. വിശ്വാസിയായ തന്റെ വീട് ബിജെപി പ്രവർത്തകർ ആക്രമിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് അവർ ചോദിച്ചു. താനും തന്റെ ഭർത്താവും അധ്വാനിച്ചുണ്ടാക്കിയ വീടാണ് തകർത്തതെന്നും അവർ പറഞ്ഞു.

07.26 PM

ബിജെപി നേതാവ് കെ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ചുറ്റു ബിജെപി പ്രവർത്തകർ ശരണം വിളി തുടരുകയാണ്. കെ സുരേന്ദ്രനെ സന്നിധാനത്തേക്ക് വിട്ടാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് പൊലീസിന്റെ ആശങ്ക. നാളെ രാവിലെ കെ സുരേന്ദ്രനെ മല ചവിട്ടാൻ അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട്. പത്തനംതിട്ടയിലേക്കോ റാന്നിയിലേക്കോ കൊണ്ടുപോകുമെന്നാണ് അറിയുന്നത്. രാത്രിയിൽ ഗണപതിഹോമത്തിൽ പങ്കെടുക്കണമെന്നായിരുന്നു കെ സുരേന്ദ്രന്റെ ആവശ്യം.


07.18 PM

ഷൂട്ട് ചെയ്താൽ മാത്രമേ തന്നെ തടയാൻ പറ്റൂ എന്ന് നിലയ്ക്കലിൽ പൊലീസ് തടഞ്ഞു വെച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ. ലാത്തിച്ചാർജ് കൊണ്ട് താൻ പൊകില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസാണ് സുരേന്ദ്രനെ തടഞ്ഞിരിക്കുന്നത്.


06.53 PM

ശബരിമല സന്നിധാനത്ത് രാത്രി തങ്ങാനുള്ള കെ സുരേന്ദ്രന്റെ ശ്രമം തടയാൻ പൊലീസ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ നടതുറപ്പിന് ശബരിമലയിൽ ദിവസങ്ങളോളം താമസിച്ച് അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം സ്ഥലത്ത് തങ്ങുന്നത് തടയാൻ പൊലീസ് ശ്രമിക്കുന്നത്. അറസ്റ്റ് ഉണ്ടായേക്കുമെന്ന് വിവരമുണ്ട്. പൊലീസുമായി വാദപ്രതിവാദങ്ങൾ നടക്കുകയാണ്. തങ്ങൾ പ്രശ്നക്കാരല്ലെന്ന് കെ സുരേന്ദ്രൻ പൊലീസിനോട് പറഞ്ഞു. തടയുന്നത് നടക്കുന്ന കാര്യമല്ലെന്നും എല്ലാവരെയും തടയാൻ പറ്റില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു. ശരണം പോലും വിളിക്കാതെയാണ് തങ്ങൾ പോകുന്നതെന്നും കെ സുരേന്ദ്രൻ


06-46 PM
വീണ്ടും ശബരിമല സന്ദർശനത്തിനൊരുങ്ങിയ മേരി സ്വീറ്റിയെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിവരം. ചെങ്ങന്നൂരിൽ വെച്ച് ഇവരെ അയ്യപ്പ കർമസമിതിക്കാർ തടഞ്ഞെന്നാണ് വിവരം. ഇവർ തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴും ശബരിമലയിൽ ദർശനം നടത്താൻ ശ്രമം നടത്തിയിരുന്നു. അതെസമയം ബിജെപി നേതാവ് കെ സുരേന്ദ്രൻ പമ്പയിലെത്തിയതായി വിവരമുണ്ട്. ദർശനം നടത്താനാണ് താൻ പോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.


05.26 PM
തീക്കളിയാണ് ശബരിമലയിൽ നടക്കുന്നതെന്നും പൊലീസ് ഭക്തരുടെ നെഞ്ചത്ത് കയറുകയാണെന്നും ശബരിമല കർമസമിതി. കലുഷിതമായ കേരളത്തെയാണ് വരുംദിവസങ്ങളിൽ കാണാന്‍ കഴിയുകയെന്ന് കർമസമിതി കൺവീനർ എസ്ജെആർ കുമാർ പറഞ്ഞു. ശബരിമലയിൽ അയ്യപ്പൻമാരായ പൊലീസ് വേണ്ട എന്ന തീരുമാനം അംഗീകരിക്കാനാവില്ല. ശബരിമലയിൽ അയ്യപ്പൻമാർ കഷ്ടപ്പെടുന്നതിനാലാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നും എസ്.ജെ.ആർ കുമാർ പറഞ്ഞു. അതെസമയം ശശികലയെ അറസ്റ്റ് ചെയ്ത പൊലീസുകാർ‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഹർത്താൽ തുടരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


05-13 PM
ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു മുൻപ് ഹിതപരിശോധന ആവശ്യമായിരുന്നെന്ന് വിഎം സുധീരൻ. ഗുരുവായൂർ സത്യാഗ്രഹ സമയത്തെല്ലാം ഹിതപരിശോധന നടന്നിരുന്നു. കേരളത്തിന്റെ പുരോഗതിയെ തകർത്ത് സംഘപരിവാറിന് ഇടമുണ്ടാക്കിക്കൊടുത്തത് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാതെ കേന്ദ്രസര്‍ക്കാരും ബിജെപിയും കള്ളക്കളി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.


05.02 PM
ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഷേകം ചെയ്യേണ്ട തീർത്ഥാടകർ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഇവരെ പൊലീസ് സന്നിധാനത്തേക്ക് കടത്തിവിടും. സന്നിധാനത്ത് പടി പൂജയുള്ള ഭക്തര്‍ക്ക് രാത്രി സന്നിധാനത്ത് തങ്ങാം. വൈകല്യമുള്ളവർക്കും വൃദ്ധർക്കും സന്നിധാനത്ത് തങ്ങുന്ന കാര്യത്തിൽ ഇളവ് ഉണ്ടാകും.


04.23 PM
കെപി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ്ജിവിഷൻ മജിസ്ട്രേറ്റാണ് ജാമ്യം നൽകിയത്. തന്നെ അറസ്റ്റ് ചെയ്ത നടപടി ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. രഹന ഫാത്തിമമാരെ കയറ്റാൻ വേണ്ടിയാണ് തങ്ങളെ ഇറക്കിയതെന്ന് ജനം ടിവി റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി ശശികല പറഞ്ഞു.


04.11 PM

തിരുവല്ല സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റ് മുന്നിലും പ്രതിഷേധം. പോലീസും നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്

അതേസമയം ശബരിമലയിലും പരിസരപ്രദേശത്തും കര്‍ശന നിയന്ത്രണവുമായി പോലീസ്. ഇരുമുടിക്കെട്ടില്ലാത്ത എത്തുന്നവരെ പ്രത്യേകം നീരിക്ഷിക്കും.

ഡിജിപി ലോകനാഥ് ബഹ്‌റ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി.


03.11 PM
ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ കോടതിയിൽ ഹാജരാക്കി. സംഘപരിവാർ പ്രവർത്തകരുടെ ശരണം വിളികളുടെ അകമ്പടിയോടെയാണ് ശശികലയെ പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലെത്തിച്ചത്.


02.00 PM
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്ന് ജാമ്യം എടുത്തതിന് ശേഷം ശശികലയെ പമ്പയില്‍ എത്തിക്കുമെന്ന് റാന്നി സ്‌റ്റേഷന്‍ ഉപരോധിക്കുന്ന പ്രതിഷേധക്കാരെ പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകണമെന്നും പോലീസ് പറഞ്ഞു.


12.30 PM

ഹര്‍ത്താലിന്റെ മറവില്‍ അയ്യപ്പഭക്തരുടെയടക്കം വാഹനം തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹര്‍ത്താലിലൂടെ ബിജെപി നടത്തുന്നത് യുദ്ധപ്രഖ്യാപനമാണെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളെയും തീര്‍ത്ഥാടകരെയും ഒരുപോലെ വഞ്ചിക്കുന്ന കൂട്ടരാണ് ബിജെപിയും ആര്‍എസ്എസുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹര്‍ത്താലിന്റെ മറവില്‍ അയ്യപ്പഭക്തരുടെയടക്കം വാഹനം തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്.

കടകംപള്ളി പറയുന്നത്, വെളുപ്പാന്‍കാലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വെള്ളം പോലുമില്ലാതെ തീര്‍ത്ഥാടകരെ ഇവര്‍ ബുദ്ധിമുട്ടകയാണ് ഹര്‍ത്താലിന്റെ മറവില്‍ അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞ് തിര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുകയാണ്. ശശികല ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനാണ് പോയത് ഭക്തയായല്ല.

11.50 AM
ശശികലയെ കോടതിയില്‍ ഹാജരാക്കും. ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി ഇന്ന് നല്‍കില്ല.


11.15AM

കരുതല്‍ തടങ്കലിലുള്ള കെപി ശശികലയ്ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കാമെന്ന് പോലീസ്. എന്നാല്‍ തന്നെ റിമാന്‍ഡ് ചെയ്‌തോളൂവെന്നാണ് കെ.പി.ശശികലയുടെ നിലപാട്.

 


10.20AM

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റു ചെയ്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. നിലവില്‍ ശശികലയെ കരുതല്‍ തടങ്കലില്‍വച്ചിരിക്കുന്ന റാന്നി പോലീസ് സ്‌റ്റേഷന്‍ രണ്ടായിരത്തിലധികം ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുകയാണ്. ശശികലയെ അന്യായമായി അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും, ശശികലയെ സന്നിധാനത്ത് എത്തിച്ച് തൊഴാന്‍ അനുവദിക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

ശബരിമലയ്ക്ക് പോകുവാന്‍ എത്തിയ രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍, സംരക്ഷണ, സംഘടന നേതാക്കളെ കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മടങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.


09.45AM
കരുതല്‍ തടങ്കലിലായ കെപി ശശികല ഇപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ഉപവാസ സമരത്തിലാണ്. കെ.പി.ശശികലയെ വിടണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ നാമജപ പ്രതിഷേധവും ആരംഭിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ഹിന്ദു സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പാക്കുന്നതില്‍ സാവകാശംതേടി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു. സാവകാശ ഹര്‍ജി നല്‍കുന്നതിനുള്ള നടപടികള്‍ ദേവസ്വംബോര്‍ഡ് പൂര്‍ത്തിയാക്കി. ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും
പദ്മകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പമ്പയില്‍ നടന്ന ബോര്‍ഡ് യോഗത്തില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. തന്ത്രിമാര്‍, പന്തളം കൊട്ടാരം,മുഖ്യമന്ത്രി എന്നിവരുമായി പല ഘട്ടങ്ങളിലായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് സാവകാശ ഹര്‍ജി നല്‍കാനുള്ള നിലപാടെടുത്തത്.


09.00AM

പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ: പി.സുധീറിനെ സന്നിധാനത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ട് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ റാന്നി സ്‌റ്റേനിലെത്തിച്ചു. സ്‌റ്റേഷനില്‍ ഹിന്ദു ഐക്യ വേദിയുടെ പ്രര്‍ത്തകര്‍ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധവുമായി തടിച്ചുകൂടുകയാണ്.


08.30AM

കെപി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശബരിമല കര്‍മ സമിതി ബിജെപി പിന്ചഉമയോടെ ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍.

തലസ്ഥാനത്ത് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. പലയിടത്തും കെഎസ്ആര്‍ടിസി നിര്‍ത്തി. പോലീസ് സംരക്ഷണമില്ലാതെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നടത്തേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

കെ.പി. ശശികല, ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബിജെപി നേതാവ് പി.സുധീര്‍ എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ശശികലയെ അറസ്റ്റ് ചെയ്തതിന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഇന്ന് ആറ് മണി വരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നുതന്നെ സാവകാശ ഹര്‍ജി നല്‍കും.


ശബരിമല ദര്‍ശനത്തിനെത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാനാകാത്ത സാഹചര്യത്തില്‍ മുംബൈയിലേയ്ക്ക് മടങ്ങി. രാത്രി 9.10നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അവര്‍ മുംബൈയിലേയ്ക്ക് പോയത്. അതേസമയം സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്ത് കൂട്ടമായി എത്താതിരിക്കാനും സംഘര്‍ഷമൊഴിവാക്കുന്നതിനുമുള്ള മുന്‍കരുതലിന്റേയും ഭാഗമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ മരക്കൂട്ടത്തിനടുത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ആചാര സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ പൃഥ്വിപാലിനെ പമ്പയില്‍ വച്ചും അറസ്റ്റ് ചെയ്തു. അറസ്റ്റുകളില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയും ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം തന്റെ ഈ വരവ് വിജയകരമാണെന്നും പേടിച്ചിട്ടല്ല താന്‍ മടങ്ങുന്നതെന്നും അടുത്ത വരവ് മുന്നറിയിപ്പില്ലാതെ ആയിരിക്കുമെന്നും തൃപ്തി ദേശായ് പറഞ്ഞു. കേരളത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ബിജെപിയുമായും കോണ്‍ഗ്രസുമായും ബന്ധമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളല്ല. സ്ത്രീകളുടെ പക്ഷത്ത് നില്‍ക്കുന്ന ആളാണ്. ഈ മണ്ഡല കാലത്ത് തന്നെ ശബരിമല ദര്‍ശനത്തിനായി തിരിച്ചെത്തുമെന്നും തൃപ്തി ദേശായ് അറിയിച്ചു. തൃപ്തി ദേശായിയ്ക്കും സംഘത്തിനും നിയമസഹായം വാഗ്ദാനം ചെയ്ത് ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. തൃപ്തി ദേശായ് മടങ്ങിയ ശേഷമേ പിരിഞ്ഞുപോകൂ എന്ന നിപാടിലായിരുന്നു പ്രതിഷേധവുമായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും. ഇതിനിടെ വിമാനത്താവളത്തിന് പുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച, കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിനായി നട തുറന്നതോടെ ശബരിമലയില്‍ ദര്‍ശനത്തിനായി ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും അഞ്ചംഗ സംഘവും നെടുമ്പാശ്ശേരിയിലെത്തിയത്. എന്നാല്‍ ബിജെപിയുടെ പിന്തുണയോടെ ഒരു വിഭാഗം അയ്യപ്പ ഭക്തര്‍ വിമാനത്താവളത്തിന് മുന്‍പില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല.

പ്രതിരോധം മണിക്കൂറുകള്‍ നീണ്ടിട്ടും തിരിച്ചു പോകില്ല എന്ന നിലപാടിലായിരുന്നു തൃപ്തി ദേശായി. സ്ത്രീകളെ ബഹുമാനിക്കാതെ ഇപ്പോൾ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല. ശബരിമലയിൽ എത്താൻ സര്‍ക്കാരും പൊലീസും സൗകര്യം ഒരുക്കണം. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങുമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് പോലീസ് തൃപ്തിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൃപ്തി ദേശായിയെ ബിജെപി പ്രവർത്തകർ വിമാനത്താവളത്തിൽ കയറി തടയുന്നതിൽ എത്രയും വേഗത്തിൽ ഇടപെടണമെന്ന് സംസ്ഥാന പൊലീസിനോട് സിയാൽ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇന്നലെ ശബരിമലയിൽ മാളികപ്പുറം ക്ഷേത്രത്തിനും സോപാനത്തിനും സമീപം വിരിവച്ചവരെ പൊലീസ് മാറ്റി. സന്ധ്യയോടെ ഭക്തരെ പോലീസ് പമ്പയില്‍ തടയുകയായിരുന്നു. രാത്രിയില്‍ സന്നിധാനത്തും പരിസരത്തും ആരെയും തങ്ങാന്‍ അനുവദിക്കില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തടയല്‍.

പതിനെട്ടാം പടിയിൽ കയറി നിന്ന് നൃത്തം ചവിട്ടിയവരൊക്കെ പ്രളയകാലത്ത് എവിടെയായിരുന്നു?

പിണറായി നവോത്ഥാന പ്രസംഗം നടത്തിയ തെരുവുകളിലിപ്പോൾ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്

ശബരിമലയില്‍ അയ്യപ്പനുണ്ട്; നെടുമ്പാശേരിയിലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍