UPDATES

ട്വിറ്റര്‍ നിങ്ങളുടെ മാതാപിതാക്കളെ സംരക്ഷിക്കില്ല, സോഷ്യല്‍ മീഡിയ ലോകം വിട്ട് യഥാര്‍ത്ഥ ലോകത്തേക്ക് വരൂ: രാഹുല്‍ ഗാന്ധി

ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നിന്ന് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. മോദി ഇങ്ങനെ നില്‍ക്കില്ല. ഇത് മനോഭാവത്തിന്റെ പ്രശ്‌നമാണ്.

ട്വിറ്റര്‍ നിങ്ങളുടെ മാതാപിതാക്കളെ സംരക്ഷിക്കില്ല എന്നും വിര്‍ച്വല്‍ ലോകം വിട്ട് യഥാര്‍ത്ഥ ലോകത്തേയ്ക്ക് വരൂ എന്ന് യുവാക്കളോട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടി പോകാനാവില്ല. അവസാനം നിങ്ങളുടെ കുടുംബത്തെ പോറ്റണമെങ്കില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ട്വിറ്റര്‍ നിങ്ങളുടെ മാതാപിതാക്കളുടെ കാര്യം നോക്കില്ല.

വിര്‍ച്വല്‍ ലോകത്ത് ജീവിക്കണോ യഥാര്‍ത്ഥ ലോകത്ത് ജീവിക്കണോ എന്നത് നിങ്ങളുടെ ചോയ്‌സ് ആണ്. പൂനെയില്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കൂ. വെറുപ്പും വിദ്വേഷവും ആര്‍ക്കും ഗുണം ചെയ്യില്ല. ദോഷം മാത്രമേ ഉണ്ടാക്കൂ. പ്രധാനമന്ത്രി മോദിയോട് എനിക്ക് ദേഷ്യമില്ല. എന്നാല്‍ അദ്ദേഹത്തിന് എന്നോട് ദേഷ്യവും വെറുപ്പുമാണ് – രാഹുല്‍ പറഞ്ഞു.

ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മോദി എന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല എന്ന് രാഹുല്‍ പറഞ്ഞു. അതേസമയം മോദിക്ക് യുവാക്കളുടെ മുന്നില്‍ നിന്ന് ഇങ്ങനെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധൈര്യമില്ല എന്ന് രാഹുല്‍ പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നിന്ന് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. മോദി ഇങ്ങനെ നില്‍ക്കില്ല. ഇത് മനോഭാവത്തിന്റെ പ്രശ്‌നമാണ്.

ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കണം. എന്നെ അസ്വസ്ഥനാക്കണം. എനിക്ക് ചില ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടെന്നും ചിലത് ഇഷ്ടപ്പെട്ടില്ലെന്നും വരാം. എന്നാല്‍ ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇവിടെയുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കും വിരമിക്കല്‍ പ്രായം വേണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 60 വയസ് വിരമിക്കാന്‍ നല്ല പ്രായമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍