UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ ജെഎന്‍യു സമര നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം: വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു

കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പരിപാടിക്കെത്ത്തിയ ഉമറിനെ പുറകില്‍ നിന്ന് പിടിച്ച് നിര്‍ത്തി ആക്രമിക്കുകയായിരുന്നു ആദ്യം. രണ്ട് അക്രമികളും ഓടി രക്ഷപ്പെട്ടു.

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവും പൊതുപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിന് നേരെ വധശ്രമം. എന്നാല്‍ അക്രമി വെടി വച്ചെങ്കിലും വെടിയേല്‍ക്കാതെ ഉമര്‍ രക്ഷപ്പെട്ടു. ന്യൂഡല്‍ഹി റാഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ പരിപാടിക്കെത്തിയ ഉമറിനെ സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറകില്‍ നിന്ന് പിടിച്ച് നിര്‍ത്തി ആക്രമിക്കുകയായിരുന്നു ആദ്യം. ആക്രമണത്തില്‍ ഉമര്‍ നിലത്തുവീണിരുന്നു. സുഹൃത്തുക്കളുടെ ഇടപെടല്‍ കൊണ്ടാണ് ഉമര്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

അക്രമി ഓടി രക്ഷപ്പെട്ടു. വെളുത്ത ഷര്‍ട്ട് ധരിച്ചയാളാണ് ഉമറിനെ തള്ളിയിട്ട ശേഷം വെടി വച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടി വയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. പാര്‍ലമെന്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയിലാണ് സംഭവം. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള, ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ് തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഡി എസ് യു (ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്‍) നേതാവായിരുന്ന ഉമര്‍ ഖാലിദ് 2016 ഫെബ്രുവരിയില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസിന്‍റെയും സര്ക്കാരിന്‍റെയും അടിച്ചമര്‍ത്തല്‍ നടപടികളെ തുടര്‍ന്നാണ് പൊതുശ്രദ്ധയിലേക്ക് വരുന്നത്. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാറിനേയും വിദ്യാര്‍ഥി നേതാക്കളായിരുന്ന ഉമര്‍ ഖാലിദിനെയും അനിര്‍ഭന്‍ ഭട്ടാചാര്യയേയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലില്‍ അടച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്‍റെയും കടുത്ത വിമര്‍ശകനാണ് ഉമര്‍ ഖാലിദ്. ‘ടുവാര്‍ഡ്‌സ് എ ഫ്രീഡം വീത്ത് ഔട്ട് ഫിയര്‍’ എന്ന വിഷയത്തിന്മേലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഉമര്‍ എത്തിയത്. രാജ്യത്ത് ഭയം നിറഞ്ഞ അന്തരീക്ഷമാണുള്ളതെന്നും സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയാണെന്നും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഉമര്‍ ഖാലിദ് മാധ്യമങ്ങളോട് പറഞ്ഞു. ഉമര്‍ ഖാലിദിനും ജിഗ്നേഷ് മേവാനിക്കും നേരെ ജൂണില്‍ രവി പൂജാരി എന്നയാള്‍ വധ ഭീഷണി മുഴക്കിയിരുന്നു. ഇതേതുടര്‍ന്ന് ഉമര്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്, സ്വര ഭാസ്‌കര്‍ തുടങ്ങിയവരും പ്രതിഷേധ ട്വീറ്റുകളുമായി രംഗത്തെത്തി.

ജെഎന്‍യുവില്‍ ഉമര്‍ ഖാലിദിന്‍റെ മുറിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍