UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ക്ക് എന്തുകൊണ്ട് പ്രധാനമന്ത്രിയെ വിശ്വാസമില്ല? ചീഫ് ജസ്റ്റിസിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

പൊതുജനങ്ങള്‍ക്കുള്ള അത്രയും വിശ്വാസം തന്നെയാണ് ജുഡീഷ്യറിക്കും പ്രധാനമന്ത്രിയിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഭരണഘടനാപരമായ വിശ്വാസത്തിന്റെ ഭാഗമാണിത്.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് അയവില്ല. നിങ്ങള്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയെ വിശ്വസിച്ച് കൂടാ എന്നാണ് ദേശീയ നിയമ ദിനവും ഭരണഘടനാ ദിനവുമായ ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന പൊതുപരിപാടിയില്‍ ചീഫ് ജസ്റ്റിസിനെ വേദിയിലിരുത്തി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചത്. കൊളീജിയത്തിന് പകരം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷനെ റദ്ദാക്കി പഴയ പുനസ്ഥാപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കോടതിക്കെതിരെ കേന്ദ്രമന്ത്രിയുടെ രൂക്ഷവിമര്‍ശനം. യോഗ്യരായ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമന്ത്രിക്കും നിയമ മന്ത്രിക്കുമുള്ള കഴിവിലെ അവിശ്വാസമാണ് ഈ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയതെന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

ഈ രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. ആണവശക്തിയുടെ നിയന്ത്രണം പ്രധാനമന്ത്രിയുടെ കയ്യിലാണ്. പ്രധാനമന്ത്രിക്ക് നിയമ മന്ത്രി വഴി യോഗ്യരായ ജഡ്ജിമാരെ തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത് എന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. കൊളീജിയം എത്രത്തോളം ഫലപ്രദമാണ് എന്ന് പരിശോധിക്കുന്നതിന് ഓഡിറ്റിംഗ് നടത്തണം. കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണന്‍ കൊളിജീയത്തിന്റെ പരാജയത്തിന് എടുത്തുകാട്ടാവുന്ന ഉദാഹരണമാണെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

ആദ്യം നിങ്ങളുടെ ജോലി ചെയ്യൂ, എന്നിട്ട് വിമര്‍ശിക്കൂ: കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

രവിശങ്കര്‍ പ്രസാദിന് ജസ്റ്റിസ് ദീപക് മിശ്ര മറുപടി നല്‍കി. പൊതുജനങ്ങള്‍ക്കുള്ള അത്രയും വിശ്വാസം തന്നെയാണ് ജുഡീഷ്യറിക്കും പ്രധാനമന്ത്രിയിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഭരണഘടനാപരമായ വിശ്വാസത്തിന്റെ ഭാഗമാണിത്. ഇതാണ് ഭരണഘടനാ അസംബ്ലി വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ കൂടെ മറ്റെന്തെങ്കിലും ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദീപക് മിശ്ര പറഞ്ഞു. അതേസമയം ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും അതിരുകള്‍ ലംഘിക്കാതെ പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍