UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന്നാവോ ബലാൽസംഗ ഇരയുടെ പിതാവ് മരിച്ചത് വിഷം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ജുഡീഷ്യൽ കസ്റ്റഡിയിലിരുന്ന കാലയളവിൽ ശരിയായ ചികിത്സ പപ്പു സിങ്ങിന് കിട്ടിയില്ല

ഉന്നാവോയിൽ ബിജെപി എംഎൽഎയുടെ സഹോദരൻ ബലാൽസംഗം ചെയ്ത പെൺകുട്ടിയുടെ പിതാവ് പപ്പു സിങ് മരിച്ചത് ‘സെപ്റ്റിസെമിയ’ മൂലമാണെന്ന് റിപ്പോർട്ട്. രക്തത്തിൽ വിഷം കലരുന്നതോ അണുബാധയുണ്ടാകുന്നതോ ആണ് ഈ രോഗത്തിന് കാരണമാകുക.

ജുഡീഷ്യൽ കസ്റ്റഡിയിലിരുന്ന കാലയളവിൽ ശരിയായ ചികിത്സ പപ്പു സിങ്ങിന് കിട്ടിയിരുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. ചികിത്സ കിട്ടാത്തതാണ് മരണത്തിനു കാരണമായത്.

മലാശയത്തിൽ ദ്വാരമുണ്ടാകുകയും അതുവഴി രക്തത്തിൽ വിഷം കലരുകയും ചെയ്തുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. അടിവയർ, ചന്തി, തുടകൾ, മുട്ടുകൾ, കൈകളുടെ സന്ധികൾ എന്നിവിടങ്ങളിൽ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആകെ 14 പരിക്കുകൾ പപ്പു സിങ്ങിന്റെ ശരീരത്തിൽ കണ്ടെത്തി. രണ്ട് പല്ലുകൾ പൊട്ടിയതായും കണ്ടെത്തലുണ്ട്. ഉന്നാവോയിലെ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നതു പ്രകാരം ജയിലിൽ പപ്പു സിങ് ക്രൂരമായ ആക്രമണത്തിന് വിധേയനായിട്ടുണ്ട്.

ബിജെപി എംഎൽഎ കുൽദീപ് സിങ് സെംഗാറും അയാളുടെ സഹോദരങ്ങളും ചേര്‍ന്ന് തന്നെ ബലാൽസംഗം ചെയ്തുവെന്നാരോപിച്ചാണ് പെൺകുട്ടിയും കുടുംബാംഗങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയത്. ഇതെത്തുടർന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട പെൺകുട്ടിയുടെ പിതാവ് പപ്പു സിങ് പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു. പപ്പു സിങ് മരിച്ച സംഭവത്തിൽ രണ്ടു പോലീസ് ഓഫീസര്‍മാരെയും നാല് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍