UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി മാതൃകയില്‍ റോമിയോ സേനകള്‍, ബലാല്‍സംഗത്തിന് മരണശിക്ഷ

സ്ത്രീ സുരക്ഷയ്ക്ക് പുതിയ നടപടികളുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് മാതൃകയില്‍ സംസ്ഥാനത്തും പൂവാല വിരുദ്ധ സേനകള്‍ രൂപീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് മരണശിക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പുതിയ ബില്ല് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പുതുതായി പരിശീലനം കഴിഞ്ഞ പോലീസുകാരുടെ പാസിംഗ് ഒട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കവെ അറിയിച്ചു.

സ്ത്രീകളെ അപമാനിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ പോലീസിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബില്ല് നിയമസഭ പാസാക്കുന്നപക്ഷം അനുമതിക്കായി അത് കേന്ദ്രത്തിനും പ്രസിഡന്റും അയച്ചു കൊടുക്കും.

രാജ്യത്ത് സ്ത്രീകള്‍ക്ക് തീരെ സുരക്ഷയില്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. ലൈംഗീക അതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, പ്രതിദിനം ശരാശരി 12 സ്ത്രീകളാണ് മധ്യപ്രദേശില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രതിദിനം ശരാശരി 11 സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടെന്നും ആഴ്ചയില്‍ ആറ് കൂട്ടബലാല്‍സംഗങ്ങള്‍ അരങ്ങേറുന്നുവെന്നും നടപ്പ് നിയമസഭയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു.

2016 ഫെബ്രുവരി ഒന്നിനും 2017 ഫെബ്രുവരി മധ്യത്തിനും ഇടയില്‍, 4,279 സ്ത്രീകള്‍ ബലാല്‍സംഗത്തിനും 248 പേര്‍ കൂട്ട ബലാല്‍സംഗത്തിനും ഇരയായി. 4,279 കുറ്റവാളികളില്‍ 2,260 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. 2015 ഓഗസ്റ്റില്‍ പുറത്തുവന്ന ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാല്‍സംഗങ്ങള്‍ നടക്കുന്ന സംസ്ഥാനം മധ്യപ്രദേശാണ്. സംസ്ഥാനത്ത് നടക്കുന്ന ബലാല്‍സംഗങ്ങളില്‍ 74 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത് എന്ന കണക്കുകളും കടുത്ത നിയമനിര്‍മ്മാണത്തിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍