UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ദളിത് – ഠാക്കൂര്‍ സംഘര്‍ഷം രൂക്ഷം; ഠാക്കൂര്‍ യുവാവിന് വെടിയേറ്റു

കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതായി ആരോപിച്ച് ജില്ലാ കളക്ടറേയും എസ്എസ്പിയേയും ഡിവിഷണല്‍ കമ്മീഷണറേയും ഡിഐജിയേയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ ദളിത് – ഠാക്കൂര്‍ സംഘര്‍ഷം രൂക്ഷം. കഴിഞ്ഞ ദിവസം ദളിത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ബിഎസ്പി നേതാവ് മായാവതിയുടെ റാലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന യുവാവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വെടിയേറ്റ ഠാക്കൂര്‍ യുവാവിനെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹ്‌സന്‍വാലി സ്വദേശിയായ പ്രദീപ് ചൗഹാനാണ് (25) വെടിയേറ്റത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ദളിത് യുവാവിനെ കൊലപ്പെടുത്തുകയും ദളിതര്‍ക്കെതിരെ അക്രമം അഴി്ച്ചുവിടുകയും ചെയ്ത 24 ഠാക്കൂര്‍ സമുദായക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതായി ആരോപിച്ച് ജില്ലാ കളക്ടറേയും (ജില്ലാ മജിസ്‌ട്രേറ്റ്) എസ്എസ്പിയേയും ഡിവിഷണല്‍ കമ്മീഷണറേയും ഡിഐജിയേയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ലക്‌നൗവില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരെ സഹരണ്‍പൂരിലേയ്ക്ക് അയച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സഹരണ്‍പൂരിലെത്തിയത്. സംഘര്‍ഷം രൂക്ഷമായ ഷാബിര്‍പൂരില്‍ റാലി നടത്താന്‍ ബിഎസ്പിയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഡിഎമ്മിനേയും എസ്എസ്പിയേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നിലെ ഒരു കാരണമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. രാഷ്ട്രീയ റാലികള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുപിയിലെ പുതിയ ദളിത് മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചന്ദ്രശേഖറിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

സംഘര്‍ഷം കണക്കിലെടുത്ത് സഹരണ്‍പൂര്‍ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആദിത്യ മിശ്ര പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷപരവും കലാപത്തിന് പ്രേരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതലാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ ആശിഷ് മേഘ് രാജ് എന്ന ദളിത് യുവാവ് കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. മേഘ് രാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 15 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്് 50,000 രൂപയും നഷ്ടപരിഹാര തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍