UPDATES

പ്രവാസം

എച്ച്-4 വിസ; ട്രംപിന്റെ തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ

എച്ച്-1ബി വിസയുള്ളവരുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്ക് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമ്മിഗ്രേഷൻ സർവീസസ് നൽകുന്ന വിസയാണ് എച്ച്-4 വിസ

എച്ച്-4 വിസയുള്ളവരുടെ അനുമതി നിർത്തലാക്കാനാള്ള തീരുമാനം മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് ട്രംപ് ഭരണകൂടം അമേരിക്കൻ ഫെ‍ഡറൽ കോടതിയിൽ അറിയിച്ചു. എച്ച്-4 വിസയുള്ളവരുടെ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ അമേരിക്കക്കാരാണ്. തീരുമാനം നടപ്പിലാക്കിയാൽ അത് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് ഒബാമ ഭരണത്തിന്റെ ഗുണങ്ങൾ ഏറ്റവുമധികം കിട്ടിയ ഇന്ത്യൻ സ്ത്രീകളെയാണ്.

എച്ച്-1ബി വിസയുള്ളവരുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്ക് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമ്മിഗ്രേഷൻ സർവീസസ് നൽകുന്ന വിസയാണ് എച്ച്-4 വിസ. ഇന്ത്യയിൽ നിന്നുള്ള ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കിടയിൽ ഏറ്റവും ആവശ്യമുള്ള ഒന്നാണ് എച്ച്-4 വിസ. ബഡ്ജറ്റ് കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് മൂന്ന് മാസത്തിനുള്ളിൽ പുതിയ ചട്ടം കൈമാറുമെന്ന് ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.

സേവ് ജോബ്സ് യുഎസ്എ എന്ന സംഘടന നൽകിയ പരാതിയിൽ തീരുമാനമെടുക്കുന്നത് അതുവരെ താത്കാലികമായി നിർത്തിവെക്കണമെന്നും വകുപ്പ് കോടതിയെ അറിയിച്ചു. ഒബാമ ഭരണകാലത്ത് ഉണ്ടായ നയങ്ങൾ കാരണം തങ്ങളുടെ ജോലി സാധ്യതകൾ നഷ്ടപ്പെടുകയാണെന്ന് അവകാശപ്പെടുന്ന അമേരിക്കൻ തൊഴിലാളികളുടെ ഒരു സംഘടനയാണ് സേവ് ജോബ്സ് യുഎസ്എ.

അമേരിക്കൻ തൊഴിലാളികളെ ഒഴിവാക്കുന്നതിനായി കമ്പനികൾ എച്ച്-1ബി വിസാ നയം ദുരുപയോഗം ചെയ്യുകയാണെന്നതിനെ സംബന്ധിച്ച് ട്രംമ്പ് ഭരണകൂടം നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എച്ച്-4 വിസ എടുത്തുകളയാനുള്ള ഉദ്ദേശം പരസ്യമായും കോടതിയിലും ഇതിനകം ട്രംമ്പ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച കോടതി നോട്ടീസിൽ കാലതാമസമുണ്ടാകുന്നതിൽ ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് മൂന്ന് തവണ കോടതിയെ സമീപിച്ചിട്ടുണ്ട്. വകുപ്പ് ഇതുവരെ മൂന്ന് സ്റ്റാറ്റസ് റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്, അടുത്തത് നവംബറിൽ സമർപ്പിക്കും. അതേസമയം, ഏറ്റവുമൊടുവിൽ സമർപ്പിച്ച റിപ്പോർട്ട് ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് കൂടുതൽ പരിശോധനക്കായി അമേരിക്കൻ സിറ്റിസൺഷിപ്പ് ആന്റ് ഇമ്മിഗ്രേഷൻ വകുപ്പിന് അയച്ചതാണ് കാലതാമസത്തിന് കാരണമെന്ന് യുഎസ് അറ്റോർണി പറഞ്ഞു.

കോടതിയിൽ നിന്ന് പെട്ടെന്ന് തീരുമാനമുണ്ടാകണമെന്നാണ് സേവ് ജോബ്സ് യുഎസ്എയുടെ ആവശ്യം. കേസ് നീണ്ടുപോകുന്നതിന് അനുസരിച്ച് അമേരിക്കൻ തൊഴിലാളികളെയാണ് അത് മോശമായി ബാധിക്കുന്നതെന്നാണ് സംഘടന വാദിക്കുന്നത്.

2017 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം എച്ച്-4 വിസക്കായി നൽകിയ അപേക്ഷകളിൽ 1,26,853 എണ്ണത്തിന് അമേരിക്കൻ സിറ്റിസൺഷിപ്പ് ആന്റ് ഇമ്മിഗ്രേഷൻ സർവീസസ് അനുമതി നൽകിയിട്ടുണ്ട്. 2015 മെയിൽ നിയമം നടപ്പിലാക്കിയതുമുതലുള്ള കണക്കാണ് ഇത്. ഇതിൽ 90,946 എണ്ണത്തിൽ ആദ്യ ഘട്ടത്തിൽ അനുമതി നൽകുകയും, 35,219എണ്ണം പുതുക്കിയതും 688 എണ്ണം കാർഡ് നഷ്ടപ്പെട്ട് മാറ്റിയതുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍