UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാഗമണ്‍ സിമി ക്യാംപ്: 18 പ്രതികള്‍ക്ക് എഴുവര്‍ഷം തടവ്

കേസില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 18 പ്രതികളാണുള്ളത്

വാഗമണില്‍ നിരോധിത സംഘടനായ സിമിയുടെ നേതൃത്വത്തില്‍ ആയുധ പരിശീലന ക്യാംപ് സംഘടിച്ചെന്ന കേസില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 18 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ. കൊച്ചിയിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ വിചാരണ നേരിട്ട മറ്റ് 17 പേരെ കോടതി വെറുതെ വിട്ടു. പ്രതികളുടെ വിചാരണ കാലാവധി ശിക്ഷയായി പരിഗണിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഒന്നാം പ്രതി കോട്ടയം ഈരാറ്റുപേട്ട പീടിക്കല്‍ പിഎ ശാദുലി എന്ന ഹാരിസ്, നാലാം പ്രതി പീടിക്കല്‍ പി എ ഷിബിലി, അഞ്ചാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ പിഎ മുഹമ്മദ് അന്‍സാര്‍ എന്ന അന്‍സാര്‍ നദ്‌വി, ആറാംപ്രതി പെരുന്തേലില്‍ അബ്ദുല്‍ സത്താര്‍ എന്ന മന്‍സൂര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടവരിലെ മലയാളികള്‍. കേസിലെ 18 പ്രതികളും കുറ്റക്കാരെന്ന കണ്ടെത്തിയ കോടതി ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഡല്‍ഹി, ഭോപാല്‍ അഹമ്മദാബാദ്, കര്‍ണാടക ജയിലിലുകളില്‍ വിവിധ സ്‌ഫോടനക്കേസുകളില്‍ പ്രതികളായി കഴിയുന്ന വാഗമണ്‍ കേസിലെ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് മുഖേനയായിരുന്നു വിചാരണയ്ക്ക് ഹാജരാക്കിയിരുന്നത്.

2007 സിസംബര്‍ 12 മുതല്‍ 12 വരെ വാഗമണിലെ തങ്ങള്‍ പാറയില്‍ സിമി ആയുധ പരിശീലന ക്യാംപ് നടത്തിയെന്നായിരുന്നു കേസ്. ആയുധങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കാനുമുള്ള പരിശീലനങ്ങളാണ് ക്യാംപില്‍ നടന്നതെന്നുമാണ് കണ്ടെത്തല്‍. നേരത്തെ കേരളാ പോലിസിന്റെ ഭീകര വിരുദ്ധ വിഭാഗം അന്വേഷണം നടത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

കേസിലെ 31ാം പ്രതിയായിരുന്ന മെഹബൂബ് ഷെയ്ഖ് ഭോപാല്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമുയര്‍ന്നിരുന്നു. മൊത്തം 38 പ്രതികളുള്ള കേസില്‍ 25 പേരാണ് വിചാരണ നേരിട്ടത്. ഒരാളെ ഇനിയും പിടുകൂടാനായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍