UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴ കസ്റ്റഡി മരണം : സസ്‌പെൻഷനിലായിരുന്ന റൂറൽ എസ് പി എ വി ജോർജിനെ സർവീസിൽ തിരിച്ചെടുത്തു

അതേസമയം ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ജോര്‍ജിന് കസ്റ്റഡികൊലപാതകത്തില്‍ ബന്ധമില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഇന്‍റലിജന്‍സ് വിഭാഗത്തിലാണ് ജോര്‍ജിന് പുനര്‍നിയമനം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ എ വി ജോർജ് ക്രിമിനല്‍കുറ്റം ചെയ്തുവെന്ന് തെളിവുകളൊന്നുമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിരീക്ഷച്ചിരുന്നു.

എറണാകുളം റൂറല്‍ എസ്.പിയായിരിക്കേ എ.വി.ജോര്‍ജ് രൂപം കൊടുത്ത ടൈഗര്‍ഫോഴ്സ് ആണ് ആളുമാറി ശ്രീജിത്തിനെ വീട്ടില്‍ നിന്നും പിടികൂടി കൊണ്ടു പോയത്. കസ്റ്റഡിയില്‍ വച്ചു ക്രൂരമായി മര്‍ദ്ദനമേറ്റ ശ്രീജിത്ത് പിന്നീട് മരണപ്പെട്ടിരുന്നു. നിയമവിരുദ്ധമായാണ് എസ്പി ടൈഗര്‍ഫോഴ്സിന് രൂപം കൊടുത്തതെന്നും ശ്രീജിത്ത് കൊലപാതകക്കേസില്‍ ജോര്‍ജിനെ പ്രതിയാക്കണമെന്നും ബന്ധുകള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മെയ് 11-നാണ് ജോര്‍ജിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. അതേസമയം ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ നിലവിൽ സി.ഐയും എസ്.ഐയുമടക്കം 10​ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാണ്. അതേസമയം എ.വി. ജോർജിനെ രക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന ആരോപണം പ്രതിപക്ഷം നിരന്തരം ഉന്നയിച്ചിട്ടുണ്ട്. എ വി ജോർജിനെ തിരിച്ചെടുക്കുന്നത് ഒരുപക്ഷെ വരും ദിവസങ്ങളിൽ വിവാദങ്ങൾക്കു വഴി തെളിയിച്ചേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍