ഇന്റേണല്‍ അസസ്മെന്റ് സംബന്ധിച്ച് മനപൂര്‍വമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കുന്നതിനായി അക്കാദമിക് ഓഡിറ്റിംഗ്, സുതാര്യത, പരാതി പരിഹാര സംവിധാനം, സമ്മര്‍ കോഴ്സ് എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങളാണ് എംജി യൂണിവേഴ്സിറ്റി വിസി ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് കോളേജുകളിലെ ഇന്റേണല്‍ അസെസ്മെന്റ് സംവിധാനം നവീകരിക്കണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമിതി. കോളേജ്, സര്‍വ്വകലാശാല തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും അക്കാദമിക് ഓഡിറ്റിംഗ് ഏര്‍പ്പെടുത്തണമെന്നും വിസിമാരുടെ സമിതി നിര്‍ദ്ദേശിച്ചു. സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് നിര്‍ദേശങ്ങള്‍.
ഇന്റേണല്‍ അസസ്മെന്റ് സംബന്ധിച്ച് മനപൂര്‍വമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കുന്നതിനായി അക്കാദമിക് ഓഡിറ്റിംഗ്, സുതാര്യത, പരാതി പരിഹാര സംവിധാനം, സമ്മര്‍ കോഴ്സ് എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങളാണ് എംജി യൂണിവേഴ്സിറ്റി വിസി ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. അക്കാദമിക് ഓഡിറ്റിംഗില്‍ കോളേജുകളിലെ ഇന്റേണല്‍ ഓഡിറ്റിംഗ് സെല്ലും സര്‍വകലാശാലയിലെ എക്സ്റ്റേണല്‍ ഓഡിറ്റിങ് സെല്ലുമുണ്ട്. കോളേജുകളിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ പ്രൊഫസര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഇന്റേണല്‍ ഓഡിറ്റിംഗ് സമിതി സര്‍വകലാശാലയിലെ എക്സ്റ്റേണല്‍ ഓഡിറ്റിംഗ് സമിതിക്ക് ആവശ്യമായ രേഖകള്‍ നല്‍കണം.
ഇന്റേണല്‍ അസെസ്മെന്റുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഓണ്‍ലൈന്‍ അധിഷ്ഠിതമാക്കാനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതിലൂടെ അസെസ്മെന്റുമായി ബന്ധപ്പെട്ട മാര്‍ക്കുകള്‍, ഹാജര്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാവും. പരാതികള്‍ പരിഹരിക്കുന്നതിനായി ദ്വിതല ഓംബുഡ്്സ്മാന്‍ സംവിധാനവും സമിതി വിഭാവനം ചെയ്യുന്നുണ്ട്. സര്‍വകലാശാല തലത്തിലും കോളജ് തലത്തിലുമാവും ഓംബുഡ്സ്മാന്‍ ഉണ്ടാവുക. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഹാജര്‍ നേടുന്നതിനുമാണ് സമ്മര്‍ കോഴ്സ്. നേരത്തെ പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലും തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലും സ്വാശ്രയ കോളജുകളില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലുള്‍പ്പടെ വിവേചനങ്ങള്‍ നില നിന്നിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിസിമാരുടെ സമിതിയെ നിയോഗിച്ചത്.