UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേങ്ങരയില്‍ ലീഗ് വിജയിച്ചു: പതിനാലായിരത്തോളം വോട്ടിന്റെ ലീഡ് കുറവില്‍

എല്‍ഡിഎഫിന് വോട്ട് കൂടി, ബിജെപിയ്ക്ക് മൂന്നാം സ്ഥാനം നഷ്ടമായി

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ്ലീംലീഗിലെ കെഎന്‍എ ഖാദര്‍ 23310 വോട്ടിന്റെ ലീഡില്‍ വിജയിച്ചു. കെഎന്‍എ ഖാദര്‍ 65227 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീര്‍ 41917 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. ബിജെപിയെ പിന്തള്ളി എസ് ഡി പി ഐ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. 8648 വോട്ട് നേടിയിരിക്കുന്ന  എസ് ഡി പി ഐ സ്ഥാനാര്‍ഥി കെസി നസീറിനേക്കാള്‍ ഏതാണ്ട് മൂവായിരത്തോളം വോട്ടിന് പിന്നിലാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്ന ബിജെപിയുടെ കെ ജനചന്ദ്രന്‍. എല്‍ഡിഎഫ് വില കൊടുത്ത് വോട്ട് വാങ്ങിയെന്ന് കെഎന്‍എ ഖാദര്‍ ആരോപിച്ചപ്പോള്‍ ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞത് യുഡിഎഫിന് വലിയ തിരിച്ചടിയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായാണ് എണ്ണിയത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ വേങ്ങരയില്‍ ഇത്തവണ എല്‍ഡിഎഫും ശക്തമായ പ്രചാരണമാണ് കാഴ്ചവച്ചത്. വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സോളാര്‍ അഴിമതി കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുകയും കേസെടുക്കാനുള്ള തീരുമാനം അറിയിക്കുകയും ചെയ്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആഞ്ഞടിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ 38,057 വോട്ടിന്‍റെ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചു എന്ന് എല്‍ഡിഎഫിന് ആശ്വസിക്കാം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 72181 വോട്ടാണ് നേടിയത്. 38057 ആയിരുന്നു ലീഡ്. കുഞ്ഞാലിക്കുട്ടിയേക്കാള്‍ ആറായിരം വോട്ടാണ് ഖാദറിന് കുറഞ്ഞത്. ലീഡില്‍ വന്‍തോതിലുള്ള കുറവാണ് ഉണ്ടായത്. പതിനാലായിരത്തോളം വോട്ടിന്റെ കുറവാണ് ലീഡിലുണ്ടായത്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34124 വോട്ട് നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് ഇക്കുറി അത് 41917 ആക്കാന്‍ സാധിച്ചു. 7055 വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ബിജെപിയ്ക്ക് ഇത്തവണ 5726 വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍