UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയുമായ നിരുപം സെന്‍ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയി ചികിത്സയിലായിരുന്ന നിരുപം സെന്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്.

സിപിഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാളിലെ മുന്‍ വ്യവസായ മന്ത്രിയുമായ നിരുപം സെന്‍ അന്തരിച്ചു. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിരുപം സെന്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്. 2013ല്‍ അദ്ദേഹത്തിന് മസ്തിഷ്‌കാഘാതമുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്ക രോഗ ബാധിതനായിരുന്നു. ആരോഗ്യനില മോശമായതിന് പിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരിന്റെ ഏറെ പ്രതിഷേധമുയര്‍ത്തിയ വ്യവസായ നയങ്ങള്‍ നടപ്പാക്കിയ മന്ത്രിയായിരുന്നു അദ്ദേഹം. മന്ത്രിസഭയില്‍ ബുദ്ധദേബിന് ശേഷം രണ്ടാമനായി നിരുപം സെന്‍ അറിയപ്പെട്ടു. സിംഗൂരിലേയും നന്ദിഗ്രാമിലേയും കൃഷിഭൂമി ഏറ്റെടുക്കലും ഇതിനെതിരായ ശക്തമായ ജനകീയ പ്രതിഷേധവും തുടര്‍ന്നുണ്ടായ വെടിവയ്പുകളും ബംഗാളിന്റെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിക്കുന്നതില്‍ നിര്‍ണായകമായി. നിരവധി സ്വകാര്യവത്കരണ പരിപാടികള്‍ ഇക്കാലത്ത് നടപ്പാക്കി.

2001ലും 2006ലും ബര്‍ദ്വാന്‍ സൗത്തില്‍ നിന്ന് നിയമസഭയിലെത്തി. 34 വര്‍ഷത്തെ ഭരണം അവസാനിച്ച് സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി തകര്‍ന്നടിഞ്ഞ 2011ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് നിരുപം സെന്‍ പരാജയപ്പെട്ടു. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബിയില്‍ നിന്ന് ഒഴിവായി.

തൊഴിലാളി വര്‍ഗത്തിനും കര്‍ഷകര്‍ക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച കമ്മ്യൂണിസ്റ്റ് ആയിരുന്നു നിരുപം സെന്‍ എന്ന് സീതാറാം യെച്ചൂരി അനുസ്മരിച്ചു.

നിരുപം സെന്നിന്റെ കുടുംബാംഗങ്ങളുടേയും വേണ്ടപ്പെട്ടവരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അനുശോചനങ്ങള്‍ അറിയിക്കുന്നതായും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍