UPDATES

വിപണി/സാമ്പത്തികം

പോകുന്നതിന് മുമ്പ് ജയ്റ്റ്ലിയെ കണ്ടിരുന്നതായി വിജയ് മല്യ; ഇല്ലെന്ന് ജയ്റ്റ്ലി

എനിക്ക് ജനീവയില്‍ ഒരു മീറ്റിംഗുണ്ടായിരുന്നു. പോകുന്നതിന് മുമ്പ് ഞാന്‍ ധന മന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായുള്ള ഇടപാടുകള്‍ സെറ്റില്‍ ചെയ്യാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ഞാന്‍ പറഞ്ഞു. ഇതാണ് സത്യം – മല്യ പറഞ്ഞു.

ഇന്ത്യ വിട്ടുപോകുന്നതിന് മുമ്പ് താന്‍ കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നതായി വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ. എല്ലാ പ്രശ്നങ്ങളും സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞതായും മല്യ പറയുന്നു. വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അരുണ്‍ ജയ്റ്റ്ലിക്കും ബിജെപിക്കുമെതിരെ കടന്നാക്രമണവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ജ്വല്ലറി വ്യവസായികളായ തട്ടിപ്പുകാര്‍ നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും വിദേശത്തയേക്ക് മുങ്ങിയത് സര്‍ക്കാരിന്‍റേയും അന്വേഷണ ഏജന്‍സികളുടേയും അറിവോടെയാണെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കുന്നതിനിടെയാണ് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. അതേസമയം വിജയ് മല്യ നുണ പറയുകയാണെന്നും 2014 മുതല്‍ ഒരിക്കല്‍ പോലും താന്‍ മല്യക്ക് അപ്പോയിന്‍മെന്‍റ് നല്‍കിയിട്ടില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജയ്റ്റ്ലി പറയുന്നത്.

എനിക്ക് ജനീവയില്‍ ഒരു മീറ്റിംഗുണ്ടായിരുന്നു. പോകുന്നതിന് മുമ്പ് ഞാന്‍ ധന മന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായുള്ള ഇടപാടുകള്‍ സെറ്റില്‍ ചെയ്യാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ഞാന്‍ പറഞ്ഞു. ഇതാണ് സത്യം – തന്നെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള എക്സ്ട്രാഡിഷന്‍ കേസ് പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് മല്യ മാധ്യമങ്ങളോട് പറഞ്ഞു.

അതേസയം ജയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചയുടേയും സംഭാഷണത്തിന്‍റേയും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മല്യ തയ്യാറായില്ല. കര്‍ണാടക ഹൈക്കോടതിക്ക് മുന്നില്‍ എല്ലാവരുടേയും പണം നല്‍കി പ്രശ്നം പരിഹരിക്കും വിധമുള്ള ഓഫര്‍ താന്‍ വച്ചിരുന്നതായി വിജയ് മല്യ പറഞ്ഞു. അതേസമയം പാര്‍ലമെന്‍റിന്‍റെ ഇടനാഴിയില്‍ രാജ്യസഭാംഗമായിരുന്ന മല്യയെ കണ്ടിട്ടുണ്ടെന്നും അതല്ലാതെ മല്യ അവകാശപ്പെടുന്ന പോലുള്ള കൂടിക്കാഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ജയ്റ്റ്ലി പറയുന്നത്. താന്‍ സെറ്റില്‍ ചെയ്യാം എന്നൊരു വാചകം മല്യ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ മല്യയുടെ നുണകളെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട് ഈ സംഭാഷണം തുടരാന്‍ താന്‍ അനുവദിച്ചില്ലെന്നും അരുണ്‍ ജയ്റ്റ്ലി പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നിരവ് മോദി രാജ്യം വിടുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നു. വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് അരുണ്‍ ജയ്റ്റ്ലിയെ കാണുന്നു. ഈ കൂടിക്കാഴ്ചകളില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെട്ടത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം ലണ്ടന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇക്കാര്യം ആരോപിച്ചിരുന്നു. മല്യ രാജ്യം വിടുന്നതിന് മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നെന്നും എന്നാല്‍ അവരുടെ പേര് താനിപ്പോള്‍ പറയുന്നില്ല എന്നുമാണ് രാഹുല്‍ അന്ന് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍