UPDATES

ട്രെന്‍ഡിങ്ങ്

ആത്മഹത്യയെ സംഘപരിവാര്‍ രാഷ്ട്രീയവത്ക്കരിക്കുന്നെന്നു എം ഗീതാനന്ദന്‍; വില്ലുവണ്ടി യാത്ര നാളെ എരുമേലിയിലേക്ക് തിരിക്കും

ശബരിമലയിലെ ആദിവാസി അവകാശ പുനസ്ഥാപനത്തിനൊപ്പം ബ്രാഹ്മണിക് വിരുദ്ധ സമരമായി ഇത് തുടരും

ശബരിമല ആദിവാസികള്‍ക്ക് തിരിച്ചു നല്‍കുക എന്ന മുദ്രാവാക്യമുയര്‍ത്തി ‘ആദിവാസി അവകാശ പുനസ്ഥാപന സമിതി’ നടത്തുന്ന വില്ലുവണ്ടി യാത്ര നാളെ മുതല്‍ ശക്തമായി പുനരാംരഭിക്കുമെന്ന് എം.ഗീതാനന്ദന്‍. ഇന്ന് തുടങ്ങാനിരുന്ന വില്ലുവണ്ടിയാത്ര ബിജെപി ഹര്‍ത്താലിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ നിന്ന് ഇന്നലെ യാത്ര തുടങ്ങിയ വില്ലുവണ്ടി വൈകുന്നേരത്തോട് കൂടി തിരുവനന്തപുരം മാനവീയം തെരുവില്‍ എത്തി. തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനാലാം തീയതി എരുമേലിയിലേക്ക് ആരംഭിക്കാനിരുന്ന വില്ലുവണ്ടി യാത്രയാണ് ഹര്‍ത്താല്‍ കാരണം മാറ്റിവെച്ചത്. തന്ത്രികള്‍, പടിയിറങ്ങുക, ശബരിമല ആദിവാസികള്‍ക്ക് വിട്ട് നല്‍കുക, ഭരണഘടന സംരക്ഷിക്കുക, ലിംഗനീതി ഉറപ്പാക്കുക എന്നിവയാണ് വില്ലുവണ്ടിയാത്രയിലൂടെ ലക്ഷ്യം വെക്കുന്നത്.

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വില്ലുവണ്ടി യാത്ര നിര്‍ത്തിവെച്ചുവെങ്കിലും നാളെ മുതല്‍ വില്ലുവണ്ടി യാത്ര ശക്തമായി ആരംഭിക്കുന്നതായിരിക്കും. മറ്റ് പരിപാടികള്‍ക്കൊന്നും ഇതിനെ തുടര്‍ന്ന് മാറ്റമുണ്ടാകില്ലെന്ന് ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതി ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന്‍ അറിയിച്ചു.

‘ശബരിമല പ്രശ്‌നത്തോട് കൂടി ഈ സമൂഹത്തെ വര്‍ഗീയവത്കരിക്കാനുള്ള വലിയൊരു സംഘപരിവാര്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇന്നലെ ഉണ്ടായ ആത്മഹത്യയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഈ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. എന്താണ് അതിന് പിന്നിലുണ്ടായിരുന്ന സാഹചര്യം, യതാര്‍ഥത്തില്‍ മതവികാരത്തിന്റെ കാരണമുണ്ടോ തുടങ്ങിയവ അന്വേഷിക്കേണ്ടത്. വില്ലുവണ്ടിയാത്ര ഹര്‍ത്താലില്‍ ഒഴിവാക്കിയെങ്കിലും നാളെ രാവിലെ തന്നെ എരുമേലിയിലേക്കുള്ള യാത്ര തിരിക്കും. ശബരിമലയിലെ ആദിവാസി അവകാശ പുനസ്ഥാപനത്തിനൊപ്പം ബ്രാഹ്മണിക് വിരുദ്ധ സമരമായി ഇത് തുടരും. ശബരിമലയിലെ ആദിവാസി പുനസ്ഥാപനം എന്ന് പറയുന്നത് 2006ലെ വനാവകാശം പുനസ്ഥാപിക്കുക എന്നുള്ളതാണ്. പ്രധാനമായും ദളിതരുടെയും ആദിവാസികളുടെയും വിഭവാധികാരത്തിന് മുകളിലുള്ള ബ്രാഹ്മണ കൈയേറ്റം, കോര്‍പറേറ്റ് കൈയേറ്റം, തുടങ്ങിയവയെല്ലാം പരസ്പര പൂരകങ്ങളായാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിന് എതിരെയുള്ള ജനാധിപത്യ പ്രസ്ഥാനമായി ഇതിനെ മാറ്റുക എന്നതാണ് ഉദ്ദേശ്യം. നേരത്തെ ചെങ്ങറയില്‍ വെച്ച് ചലോ തിരുവനന്തപുരം എന്ന സമരപ്രഖ്യാപനം നടത്തിയിരുന്നു. അന്ന് ചലോ തിരുവനന്തപുരം മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങള്‍ക്ക് വീണ്ടും പ്രസക്തി കൈവരിക്കുന്നുവെന്നാണ് മനസിലാക്കാന്‍. ഭൂമിക്കും വനാവകാശത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനുമായുള്ള ബ്രാഹ്മണവിരുദ്ധ ജനാധിപത്യ പ്രസ്ഥാനമായി ഇതിനെ വികസിപ്പിക്കും.

സമൂഹം ഇപ്പോള്‍ ധ്രുവീകരിക്കപ്പെടുന്നുണ്ട്. ഒന്ന് ബ്രാഹ്മണ്യ ആശയങ്ങളോടൊപ്പം നില്‍ക്കുന്ന സംഘപരിവാര്‍ ഭരണഘടനയുടെ മൂല്യവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു വിഭാഗം ഭരണഘടനയെ മുറുകെ പിടിച്ചു കൊണ്ട് കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ്. രണ്ടാമത് പറഞ്ഞ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാനുള്ള ഒരു പ്രസ്ഥാനമായി ഇതുമാറും. കേവലം നവോത്ഥാനം എന്ന് പറയുന്ന തരത്തില്‍ അമൂര്‍ത്തമായി ചരിത്രത്തെ പ്രശ്‌നമത്കരിക്കുന്നതില്‍ കാര്യമില്ല. ബ്രാഹ്മണ്യ വിരുദ്ധ, ജാതി വിരുദ്ധ നവോത്ഥാനത്തിന്റെ ഉള്ളടക്കമുണ്ടാകേണ്ടതുണ്ട്. അത് കൃത്യമായി ദളിത് ആദിവാസി സ്ത്രീപക്ഷ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലൂടെ മാത്രമേ യാതാര്‍ത്ഥ്യമാകുകയുള്ളൂ.’-വില്ലുവണ്ടിയാത്രയ്ക്ക് നേതൃത്വം നല്‍കുന്ന എം.ഗീതാനന്ദന്‍ പറഞ്ഞു.

ഇന്നലെ മാനവീയത്തില്‍ നടന്ന വില്ലുവണ്ടി യാത്രയുടെ യോഗം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ദളിത് ആക്ടിവിസ്റ്റും ശബരിമല ആദിവാസി അവകാശ പുനസ്ഥാപനസമിതി രക്ഷാധികാരിയുമായ സണ്ണി.എം.കപിക്കാട്, ജനറല്‍ കണ്‍വീനര്‍ എം.ഗീതാനന്ദന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

തന്ത്രിമാർ പടിയിറങ്ങുക; ശബരിമല ആദിവാസികൾക്ക് തിരിച്ചു നൽകുക: വില്ലുവണ്ടി യാത്രയ്ക്ക് അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്ന് തുടക്കം

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍