UPDATES

ട്രെന്‍ഡിങ്ങ്

വിഴിഞ്ഞം കരാര്‍ ദുരൂഹവും സംശയകരവും; പൊളിച്ചെഴുതണമെന്ന് വിഎസ്

കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ നിലവിലെ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല.

യുഡിഎഫ് സര്‍ക്കാരിന്റെ വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ പൊളിച്ചെഴുതുമെന്ന എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന്, സര്‍ക്കാരിനോട് വിഎസ്. നിയമസഭയിലെ സബ് മിഷനിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അദാനിയുടെ കാല്‍ക്കീഴില്‍ തുറമുഖം കൊണ്ടുവെക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കരാര്‍. അദാനി ഗ്രൂപ്പ് കരാര്‍ ലംഘനം നടത്തിയതായി വിഎസ് ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ നിലവിലെ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. പദ്ധതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയൂ എന്നാണ് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

കരാറില്‍ അഴിമതിയുണ്ട്. കരാറിനായി എൽഡിഎഫ് സർക്കാർ നടത്തിവന്ന നീക്കങ്ങൾ അട്ടിമറിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ അദാനി ഗ്രൂപ്പുമായി കരാറുണ്ടാക്കിയത്. ആകെ 7522 കോടിയുടെ പദ്ധതിയിൽ 5273 കോടി രൂപയും സംസ്ഥാന സർക്കാർ നൽകണമെന്ന രീതിയിലാണ് കരാർ. മാത്രമല്ല, ഏതാണ്ട് ഒരു മനുഷ്യായുസ് മുഴുവൻ തുറമുഖവും അനുബന്ധ പദ്ധതികളും അദാനിയുടെയും കുടുംബത്തിന്റെയും നിയന്ത്രണത്തിലുമായിരിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ അഴിമതിയുണ്ടെന്ന് നേരത്തെ എല്‍ഡിഎഫ് ആരോപിച്ചിരുന്നു. 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് 2015 ജൂണില്‍ അന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന പിണറായി വിജയന്‍ ആരോപിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം നിലപാട് മാറ്റി. യുഡിഎഫിന്‍റെ കരാറില്‍ ഒരു മാറ്റവും വരുത്താതെ നടപ്പാക്കും എന്നാണ് മാര്‍ച്ചില്‍ പിണറായി പറഞ്ഞത്. ഈ നിലപാട് മാറ്റം ശ്രദ്ധേയമായിരുന്നു. സിപിഎമ്മോ എല്‍ഡിഎഫോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി നിലപാട് എടുത്ത് അത് വ്യക്തമാക്കുന്നതിന് മുമ്പാണ് കരാര്‍ ഒരു മാറ്റവും കൂടാതെ നടപ്പാക്കും എന്ന് അന്ന് പിണറായി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍