UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പേപ്പാറ ഡാമിലും അരുവിക്കര ഡാമിലും ജലനിരപ്പ് ഉയരുന്നു; മഴക്കെടുതി തിരുവനന്തപുരത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രി കടകംപള്ളി

ഇന്ന് നെയ്യാറിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ താഴ്ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ വെള്ളം താഴ്ന്നിട്ടുണ്ടെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു

തിരുവനന്തപുരത്ത് പേപ്പാറ ഡാമിലും അരുവിക്കര ഡാമിലും ജലനിരപ്പ് ഉയരുന്നു. അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. പേപ്പാറ ഡാമില്‍ 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അതേസമയം നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ബുധനാഴ്ച 84.45 മീറ്ററായിരുന്ന ജലനിരപ്പ്. വ്യാഴാഴ്ച രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

ഇന്നലെ നെയ്യാര്‍ഡാമിലെ ഷട്ടറുകള്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര തീരങ്ങളില്‍ വെള്ളം അനിയന്ത്രിതമായി ഉയര്‍ന്നിരുന്നു. ചെമ്പരത്തിവിളയില്‍ മാത്രം 15 കുടുംബങ്ങളാണ് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്. സംസ്ഥാന ഫയര്‍ഫോഴ്‌സ് സേനയ്‌ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ എത്തിയിരുന്നു.

നെയ്യാറ്റിന്‍കരയില്‍ വെള്ളപ്പൊക്കബാധിത മേഖലയില്‍ നിന്ന് എല്ലാ ആളുകളെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ജെബിഎസ് സ്‌കൂള്‍, നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ്‌കൂള്‍, ചെമ്പരത്തിവിള പള്ളി എന്നിവിടങ്ങളിലേക്കാണ് ആളുകളെ മാറ്റിയിരിക്കുന്നത്. 36 കുടുംബങ്ങളില്‍ നിന്ന് 450ഓളം പേരെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആളപായങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് ഫയര്‍ഫോഴ്‌സ് സേന അറിയിച്ചു.

ഇന്ന് നെയ്യാറിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ താഴ്ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ വെള്ളം താഴ്ന്നിട്ടുണ്ടെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നു ജില്ലയിലുണ്ടായ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നു സഹകരണം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.

ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യമായ ഭക്ഷണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇവിടങ്ങളിലുള്ളവര്‍ക്കു മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി തടസം മൂലം പമ്പിങ് തടസപ്പെട്ട സ്ഥലങ്ങളില്‍ വെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കു നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.

ദുരന്ത നിവാരണത്തിനു പ്രത്യേകം നിയോഗിച്ച ഓഫീസര്‍ അജിത് പാട്ടീല്‍, സബ് കളക്ടര്‍ കെ. ഇമ്പബശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, എ.ഡി.എം. വി.ആര്‍. വിനോദ്, റെവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം വെള്ളപ്പൊക്ക ബാധിത മേഖലയില്‍ സഹായവുമായി പല ഭാഗങ്ങളിലേക്കും മല്‍സ്യത്തൊഴിലാളികള്‍ എത്തുന്നുണ്ട്. വേണ്ട സഹായം നല്‍കാന്‍ തയാറാണെന്ന് തിരുവനന്തപുരം മല്‍സ്യത്തൊഴിലാളികള്‍ ജില്ലാ അഡ്മിനിസ്‌ട്രേറ്ററെ അറിയിച്ചിട്ടുണ്ട്. തല്‍ക്കാലം സഹായം ആവശ്യമുള്ള സാഹചര്യം ജില്ലയില്‍ ഇല്ലെന്നും ആവശ്യമെങ്കില്‍ അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

കൊല്ലം നീണ്ടകരയില്‍ നിന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം മല്‍സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ അഞ്ചുവള്ളങ്ങളിലായി മല്‍സ്യത്തൊഴിലാളികള്‍ ആലുവയിലേക്ക് തിരിച്ചു. ഇനിയും വള്ളങ്ങള്‍ എത്തിക്കുമെന്ന് മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ചു. കേരളാ സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് എസ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം മല്‍സ്യബന്ധന വള്ളങ്ങളുമായി ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍