UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ പറ്റില്ല, തൊഴിലില്ലായ്മ മാദ്ധ്യമങ്ങളില്‍ മാത്രമെന്നും അമിത് ഷാ

സ്വയം തൊഴില്‍ സംരംഭങ്ങളും അവസരങ്ങളും സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ സംബന്ധിച്ച പത്രവാര്‍ത്തകളൊന്നും ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

രാജ്യത്ത് എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ പറ്റില്ലെന്നും ഓരോരുത്തരും സ്വയം ജോലി കണ്ടെത്തുന്നതിനെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം തൊഴിലില്ലായ്്മ വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ തള്ളിക്കൊണ്ടാണ് ഷാ ഇക്കാര്യം പറഞ്ഞത്. മൂന്ന് വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. തൊഴിലില്ലായ്മ നിറഞ്ഞുനില്‍ക്കുന്നത് മാദ്ധ്യമങ്ങളില്‍ മാത്രമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ലേബര്‍ ബ്യൂറോയുടെ കണക്ക് പ്രകാരം 2013-14ല്‍ 4.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2015-16ല്‍ അഞ്ച് ശതമാനമായി നില്‍ക്കുകയാണ്. 2016 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയില്‍ 1.52 ലക്ഷം അസംഘടിത തൊഴിലാളികള്‍ക്ക് തൊഴിലില്ലായതായാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം തൊഴിലാളികളെ ദുരിതത്തിലാക്കിയിരുന്നു. അതേസമയം നിലവിലെ തൊഴില്‍ ലഭ്യത സംബന്ധിച്ച കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ സഹായിക്കുന്ന സംവിധാനമില്ലെന്നാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. 125 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ കഴിയില്ല. സ്വയം തൊഴില്‍ സംരംഭങ്ങളും അവസരങ്ങളും സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ സംബന്ധിച്ച പത്രവാര്‍ത്തകളൊന്നും ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ഐടി അടക്കം വിവിധ മേഖലകളില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍നഷ്ടം സര്‍ക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ്. ഐടി മേഖലയില്‍ മാത്രം വിവിധ കമ്പനികള്‍ രാജ്യത്ത് 50,000ത്തിനടുത്ത് പേരെ പിരിച്ചുവിട്ടു. ഓട്ടോമൊബൈല്‍, ബാങ്കിംഗ് മേഖലകളിലും പിരിച്ചുവിടല്‍ നടക്കുന്നു. ടാറ്റ മോട്ടോര്‍സ് 1500 പേരെയാണ് പിരിച്ചുവിട്ടത്. എച്ച് ഡി എഫ് സി 10,000 പേരെയും എല്‍ ആന്‍ഡ് ടി 14,000 പേരെയും ലാഭകരമായ മുന്നോട്ട് പോക്കിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന് സൃഷ്ടിക്കാന്‍ കഴിഞ്ഞ അത്രയും തൊഴിലവസരങ്ങള്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുണ്ട്. ഷായുടെ പുതിയ പ്രസ്താവനയും പ്രതിപക്ഷത്തിന് ആയുധമായേക്കും.

മോദി സര്‍ക്കാരും ഇന്ദിര ഗാന്ധി സര്‍ക്കാരും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. തങ്ങള്‍ ഇന്ദിര ഗാന്ധിയെ പോലെ അടിയന്താരാവസ്ഥ പ്രഖ്യാപിക്കുകയും മാദ്ധ്യമങ്ങളടക്കം ആരുടേയും വാ മൂടി കെട്ടുകയും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തുടര്‍ച്ചയായി വിജയിക്കുന്നത് മോദിക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. രാഷ്ട്രീയം എന്നാണ് പറഞ്ഞതെന്നും ബിജെപി എന്നല്ലെന്നും ഷാ എടുത്ത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍