UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്: മാണിയുമായുള്ള ഭിന്നത തുറന്ന് പറഞ്ഞ് പിജെ ജോസഫ്

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എമ്മുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. അതേസമയം ഇന്നലെ കെഎം മാണിയുടെ വീട്ടില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്നാണ് പിജെ ജോസഫ് പറയുന്നത്. ജോസഫിനൊപ്പം മോന്‍സ് ജോസഫും യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് ഇതേ കാരണം തന്നെയാണ് പറഞ്ഞത്.

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. അതിനിടെ കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഎം പിന്തുണ സ്വീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഇഎം അഗസ്തി ഇന്ന് തീരുമാനം പിന്‍വലിച്ചിട്ടുണ്ട്. വൈകാരികമായി പ്രതികരിച്ചതാണെന്നും രാജി പുനപരിശോധിക്കണമെന്ന കെഎം മാണിയുടെ ആവശ്യം മുഖവിലയ്ക്കെടുക്കയാണെന്നും അഗസ്തി പറഞ്ഞു. ഇന്നലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെഎം മാണിയുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പിജെ ജോസഫും മോന്‍സ് ജോസഫും സിഎഫ് തോമസും വിട്ടുനിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് സിഎഫ് തോമസും പറയുന്നത്. എന്നാല്‍ സിപിഎം സഖ്യത്തില്‍ പ്രതിഷേധിച്ചാണ് പിജെ ജോസഫ് അടക്കമുള്ളവരുടെ വിട്ടുനില്‍ക്കല്‍ എന്നാണ് സൂചന.

കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് സിപിഎം പിന്തുണ സ്വീകരിച്ചതില്‍ പിജെ ജോസഫ് പരസ്യപ്രതിഷേധമറിയിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉണ്ടായ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായ സംഭവമെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍ക്കുന്നിലെ ക്യാമ്പില്‍ തീരുമാനിച്ചതും ഇതാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസഫ് പറഞ്ഞിരുന്നു. മോന്‍സ് ജോസഫും എതിര്‍പ്പറിയിച്ചിരുന്നു. രാഷ്ട്രീയമായി വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് കെഎം മാണിയെ വിമര്‍ശിച്ചതില്‍ തെറ്റില്ല. എംഎല്‍എമാര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെയാണ് പിന്തുണ സ്വീകരിക്കാന്‍ തീരുമാനം എടുത്തതെന്നും മോന്‍സ് കുറ്റപ്പെടുത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍