UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല: പി ചിദബംരം

മഹാസഖ്യ രൂപീകരണത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നത് തടസമാകുമെന്ന് കോണ്‍ഗ്രസ്‌ തിരിച്ചറിയുന്നു.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയേക്കില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാഹുല്‍ പ്രധാനമന്ത്രിയാകും എന്ന് ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല – ചിദംബരം പറയുന്നു. ചില കോണ്‍ഗ്രസുകാര്‍ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുന്നുണ്ട്. എന്നാല്‍ എഐസിസി ഇടപെട്ട് ഇത്തരം ചര്‍ച്ചകള്‍ നിര്‍ത്തിയിരുന്നു – ന്യൂസ് 18 തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു. ബിജെപിയെ പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബിജെപിയുടെ സ്ഥാനത്ത് വ്യക്തിസ്വാതന്ത്ര്യം മാനിക്കുന്ന, പുരോഗമന സ്വഭാവമുള്ള, നികുതിയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കാത്ത, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന, കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഒരു സര്‍ക്കാരിനെ കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ആരാകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും – ചിദംബരം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരെയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടത് എന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പിന്മാറ്റമെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് പറയുന്നു. മഹാസഖ്യ രൂപീകരണത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നത് തടസമാകുമെന്ന് കോണ്‍ഗ്രസ്‌ തിരിച്ചറിയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവരെല്ലാം പ്രധാനമന്ത്രി സ്ഥാനത്തിന് താല്‍പര്യം സൂചിപ്പിച്ചിട്ടുണ്ട്. താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണ് എന്ന് നേരത്തെ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം സഖ്യകക്ഷികള്‍ താല്‍പര്യപ്പെട്ടാല്‍ മാത്രമേ താന്‍ ഇത്തരമൊരു സ്ഥാനത്തേയ്ക്ക് വരൂ എന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് മുഖ്യലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍