UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദിക്ക് ഞങ്ങള്‍ കാണിച്ചുതരാം: ഇമ്രാന്‍ ഖാന്‍

“ന്യൂനപക്ഷ വിഭാഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിന് കാണിച്ചുകൊടുക്കും. ഇന്ത്യയില്‍ പോലും ആളുകള്‍ പറയുന്നത്, മതന്യൂനപക്ഷങ്ങളെ തുല്യപൗരന്മാരായി പരിഗണിക്കുന്നില്ല എന്നാണ്” – ഇമ്രാന്‍ ഖാന്‍ പറഞ്ഞു

ന്യൂനപക്ഷ വിഭാഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാരിന് ഞങ്ങള്‍ കാണിച്ചുതരാം എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപവും പൊലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ നടന്‍ നസിറുദ്ദീന്‍ ഷായ്‌ക്കെതിരായ സംഘപരിവാര്‍ ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. പഞ്ചാബ് സര്‍ക്കാരിന്റെ നൂറ് ദിവസത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നത് പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനമായിരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. പുതിയ പാകിസ്താനില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതിയുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിന് കാണിച്ചുകൊടുക്കും. ഇന്ത്യയില്‍ പോലും ആളുകള്‍ പറയുന്നത്, മതന്യൂനപക്ഷങ്ങളെ തുല്യ പൗരന്മാരായി പരിഗണിക്കുന്നില്ല എന്നാണ് – നസീറുദ്ദീന്‍ ഷായുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കിഴക്കന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കാതെ അടിച്ചമര്‍ത്തിയതുകൊണ്ടാണ് ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ച് തനിക്ക് ഭയമാണ് എന്ന് നടന്‍ നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. എപ്പോള്‍ വേണമെങ്കിലും അക്രമാസക്തരായ ഒരു ആള്‍ക്കൂട്ടം എന്റെ കുട്ടികളെ വളഞ്ഞ് നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. അപ്പോള്‍ എന്റെ കുട്ടികള്‍ക്ക് മറുപടിയുണ്ടാകില്ല. കാരണം അവര്‍ക്ക് മതമില്ല. ഞങ്ങളുടെ കുട്ടികളെ മതം പഠിപ്പിച്ചിട്ടില്ല. ഇന്ത്യന്‍ സമൂഹത്തില്‍ അത്ര മാത്രം വിഷം പടര്‍ന്നിരിക്കുന്നു. ഈ ജിന്നിനെ തിരിച്ച് കുപ്പിയിലടക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വരും. നിയമം കയ്യിലെടുക്കുന്നവര്‍ക്ക് എല്ലാ വിധ സംരക്ഷണവും കിട്ടുകയാണ്. ഒരു പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ മരത്തിന് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യം – ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞു.

ഹിന്ദുത്വ സംഘടനയായ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് നസീറുദ്ദീന്‍ ഷായ്ക്ക് പാകിസ്താനിലേയ്ക്കുള്ള വിമാന ടിക്കറ്റ് എടുക്കുകയും നസീറുദ്ദീന്‍ ഷാ പാകിസ്താന്‍ ഏജന്റിനെ പോലെയാണ് പെരുമാറുന്നത് എന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു. അജ്മീര്‍ സാഹിത്യോത്സവത്തില്‍ നസീറുദ്ദീന്‍ ഷാ പങ്കെടുക്കാനിരുന്ന പരിപാടി യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

എന്റെ രാജ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് പറഞ്ഞത്, അവര്‍ എന്നെ രാജ്യദ്രോഹിയാക്കുന്നു: നസീറുദ്ദീന്‍ ഷാ

“ഹിന്ദുവാണാ മുസ്ലീമാണോ എന്ന് ചോദിച്ചാല്‍ എന്റെ കുട്ടികള്‍ക്ക് മറുപടിയില്ലാതാകും, മനുഷ്യ ജീവനേക്കാള്‍ പശുവിന്റെ ജീവനാണ് ഇവിടെ വില”: നസിറുദ്ദീന്‍ ഷാ

“അല്ല, അത് മോദിയെ ഉദ്ദേശിച്ചല്ല”: ഇമ്രാന്‍ ഖാന്‍

“ജര്‍മ്മനിക്കും ഫ്രാന്‍സിനും അതിര്‍ത്തി തുറന്നിടാമെങ്കില്‍ പാകിസ്താനും ഇന്ത്യക്കും എന്തുകൊണ്ട് അതായിക്കൂട?”: ഇമ്രാന്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍