UPDATES

വാര്‍ത്തകള്‍

“എന്തുകൊണ്ട് വരാണസി ആയിക്കൂടാ?” തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ പ്രിയങ്ക ഗാന്ധി

പ്രിയങ്ക റായ്ബറേലിയില്‍ നിന്ന് മത്സരിക്കണം എന്ന ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയപ്പോളാണ് എന്തുകൊണ്ട് അത് വരാണസി ആയിക്കൂടാ എന്ന് പ്രിയങ്ക ചോദിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയില്‍ മത്സരിച്ചുകൂടാ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക റായ്ബറേലിയില്‍ നിന്ന് മത്സരിക്കണം എന്ന ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയപ്പോളാണ് എന്തുകൊണ്ട് അത് വരാണസി ആയിക്കൂടാ എന്ന് പ്രിയങ്ക ചോദിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള യുദ്ധ പ്രഖ്യാപനമാണ് പ്രിയങ്ക നടത്തിയിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബുധനാഴ്ച പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

റായ്ബറേലിയില്‍ മത്സരിക്കുന്ന സോണിയ ഗാന്ധിക്ക് നാട്ടുകാരെ നേരിട്ട് കാണാന്‍ സാധിക്കാത്തത്തില്‍ ബുദ്ധിമുട്ടുണ്ടെന്നും അവിടത്തെ കാര്യങ്ങള്‍ താന്‍ നോക്കിക്കോളാമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും പ്രിയങ്ക പറഞ്ഞത്. അപ്പോളാണ് റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കണം എന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചപ്പോള്‍ ഇത്തവണ സോണിയയുടെ റായ്ബറേലിയില്‍ പ്രിയങ്കയായിരിക്കും മത്സരിക്കുക എന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. പ്രിയങ്കയെ ദുര്‍ഗയാക്കി ചിത്രീകരിച്ചും ഇന്ദിര ഗാന്ധിയുമായി താരതമ്യപ്പെടുത്തിയുള്ളതുമായ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം ഇത്തവണയും സോണിയ തന്നെയാണ് ഇവിടെ മത്സരിക്കുന്നത്.

വരാണസിയില്‍ ഇത്തവണ പ്രതിപക്ഷം പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യതയുണ്ട്. എസ് പി – ബി എസ് പി സഖ്യത്തില്‍ എസ് പിക്കാണ് ഈ സീറ്റ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ മത്സരിച്ചാലും താന്‍ അവിടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പ്രിയങ്ക ആശുപത്രിയില്‍ സ്ന്ദര്‍ശിച്ചത് ശ്രദ്ധേയമായിരുന്നു. ഈ സന്ദര്‍ശനം പല ചര്‍ച്ചകള്‍ക്കും വഴി തുറക്കുകയും ചെയ്തു. യുപിയില്‍ ഏഴ് ഘട്ടത്തിലും വോട്ടെടുപ്പുണ്ട്. വരാണസിയില്‍ മേയ് 19നാണ് വോട്ടെടുപ്പ്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍