UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണോയെന്ന് ചര്‍ച്ച ചെയ്യും: ടി.പി. രാമകൃഷ്ണന്‍

വനിതാ മതിലിന്റെ പ്രചരണത്തിന്റെ ഭാഗമായി ഫ്‌ളാഷ്‌മോബ്, മാരത്തോണ്‍, തെരുവുനാടകം എന്നിവ നടത്തും

വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യാനുറച്ച് സര്‍ക്കാര്‍. പരിപാടിയില്‍ സംബന്ധിക്കാനായി ജീവനക്കാര്‍ക്ക് അവധിയനുവദിക്കണോ എന്നതിനെക്കുറിച്ച് നിലവില്‍ തീരുമാനമായിട്ടില്ലെന്നും, എന്നാല്‍ വിഷയം സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലിന്റെ സംഘാടനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കോഴിക്കോട്ട് ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് ജില്ലയില്‍ പരിപാടിയുടെ മേല്‍നോട്ട ചുമതല മന്ത്രി രാമകൃഷ്ണനാണ്.

ജനുവരി ഒന്നിന് വൈകീട്ട് ചേരുന്ന വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാനുള്ള അവസരമൊരുക്കണമെങ്കില്‍, അവധി നല്‍കുകയോ ജോലി സമയത്തിന്റെ ഭാഗമായി കണക്കാക്കുകയോ ചെയ്യേണ്ടി വരും. എന്നാല്‍, ഈ രണ്ടു തീരുമാനങ്ങളും കടുത്ത വിമര്‍ശനത്തിന് വഴിവയ്ക്കാന്‍ സാധ്യയുണ്ടെന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഉടന്‍ തന്നെ ഉണ്ടാകുമെന്നും, താല്‍പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കുമെന്നും മന്ത്രി പറയുന്നു. രാഷ്ട്രീയത്തിന് അതീതമായ ഒരു പൊതു പ്രസ്ഥാനമായി വേണം വനിതാ മതില്‍ സംഘാടനത്തെ കാണാനെന്നും, ആ നിലയ്ക്ക് എന്തു ചെയ്യാനാകുമെന്നത് ആലോചിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് വിശദീകരിച്ചു.

ദേശീയ പാത കേന്ദ്രീകരിച്ചുകൊണ്ടാണ് കോഴിക്കോട്ട് വനിതാ മതില്‍ രൂപീകരിക്കുക. വയനാട്ടില്‍ നിന്നുള്ളവരും കോഴിക്കോട്ടാണ് മതിലിന്റെ ഭാഗമാകുക. മൂന്നര ലക്ഷത്തോളം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പക്ഷം. ജില്ലാ തലത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് വനിതാ മതിലിന്റെ സംഘാടന ചുമതല. സഹകരിക്കാന്‍ താല്‍പര്യമുള്ള ജനപ്രതിനിധികളെ അണിനിരത്തി സംഘാടക സമിതികള്‍ രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

വനിതാ മതിലിന്റെ ഉദ്ദേശലക്ഷ്യം രാഷ്ട്രീയപ്രേരിതമാണെന്നും, പരിപാടിയുടെ നടത്തിപ്പിനായുള്ള തുക വകയിരുത്തുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമാണെന്നും ആരോപിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പറിയിച്ചിരുന്നു. കോഴിക്കോട്ട് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തിലും യു.ഡി.എഫ് ജനപ്രതിനിധികള്‍ പ്രതിഷേധമറിയിച്ച് വിട്ടു നിന്നിരുന്നു. എന്നാല്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് സംഘാടനത്തേയോ പരിപാടിയുടെ വിജയത്തേയോ പ്രതികൂലമായി ബാധിക്കില്ലെന്ന നിലപാടാണ് മന്ത്രിക്കുള്ളത്.

മന്ത്രി കെ കെ ശൈലജ പങ്കെടുത്ത ആര്‍ എസ് എസ് സംഘടനയുടെ പരിപാടിയില്‍ മുന്‍പ് മുന്‍ മന്ത്രി കെ ബാബുവും പങ്കെടുത്തു; വിവാദം കൊഴുക്കുന്നു

വനിതാ മതിലിന്റെ പ്രചരണത്തിന്റെ ഭാഗമായി ഫ്‌ളാഷ്‌മോബ്, മാരത്തോണ്‍, തെരുവുനാടകം എന്നിവ നടത്താനും സംഘാടക സമിതി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കലക്ടറുടെ യോഗം കഴിഞ്ഞ തവണ ബഹിഷ്‌കരിച്ച യു.ഡി.എഫ് ജനപ്രതിനിധികള്‍ ഇത്തവണയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പരിപാടിയുടെ നടത്തിപ്പില്‍ വിയോജിപ്പറിയിച്ചിട്ടുള്ളവരെ സംഘാടന ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

പരിപാടിയുടെ നടത്തിപ്പിനായുള്ള തുക കണ്ടെത്തുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്ന ആരോപണവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ തള്ളിക്കളഞ്ഞിരുന്നു. വനിതാമതിലിന്റെ ചെലവുകള്‍ മുഴുവനും കണ്ടെത്തുന്നത് പ്രാദേശിക തലത്തിലാണെന്നും സര്‍ക്കാര്‍ അതിനുവേണ്ടി ഫണ്ടുകളൊന്നും വകയിരുത്തുന്നില്ലെന്നും മന്ത്രി പറയുന്നു. നവോത്ഥാന യോഗത്തില്‍ പങ്കു ചേര്‍ന്ന സംഘടനകളുടെ ആശയമാണ് വനിതാ മതിലെന്നും, സര്‍ക്കാര്‍ അതിനു പിന്തുണ നല്‍കുകയായിരുന്നെന്നും മുഖ്യമന്ത്രിയും നേരത്തേ നിയമസഭയില്‍ പറഞ്ഞിരുന്നു.

‘പ്രളയത്തിന്റെ ഇരകള്‍ക്കില്ലാത്ത പ്രാധാന്യം വനിതാമതിലിന് നല്‍കുന്നതെന്തിന്?’: വനിതാമതിലിനെതിരെ ഹര്‍ജിയുമായി യൂത്ത് ലീഗ് ഹൈക്കോടതിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍