UPDATES

ഇന്ത്യ

സംവരണമില്ലെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കും: ജാട്ട് സംഘടനയുടെ മുന്നറിയിപ്പ്‌

ഇത്തവണ മായാവതിയുടെ പാര്‍ട്ടിയായ ബി എസ് പി വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് യുപി ജാട്ട് നേതാക്കള്‍ പറയുന്നു. മായാവതി മാത്രമാണ് യുപിയില്‍ ജാട്ട് സംവരണത്തെ പിന്തുണച്ചത് എന്നതാണ് കാരണം.

ജാട്ടുകള്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ ബച്ചാവോ മഹാ ആന്ദോളന്‍ മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ജാട്ട് നേതാക്കളാണ് ബിജെപിക്കും മോദി സര്‍ക്കാരിനും മുന്നറിയിപ്പ് നല്‍കിയത്. ജാട്ട് സമുദായത്തിന് സംവരണവും മുന്നോക്ക ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണവും ഏഴ് ദിവസത്തിനകം നല്‍കാമെന്ന വാഗ്ദാനം പാലിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചതായി നേതാക്കള്‍ ആരോപിച്ചു. 2016ലെ ജാട്ട് സംവരണ പ്രക്ഷോഭം വ്യാപക അക്രമത്തിലേയ്ക്ക് നീങ്ങുകയും 30 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ മായാവതിയുടെ പാര്‍ട്ടിയായ ബി എസ് പി വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് യുപി ജാട്ട് നേതാക്കള്‍ പറയുന്നു. മായാവതി മാത്രമാണ് യുപിയില്‍ ജാട്ട് സംവരണത്തെ പിന്തുണച്ചത് എന്നതാണ് കാരണം.

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംവരണം തരാമെന്ന് പറഞ്ഞ് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തങ്ങളെ പറ്റിച്ചതായി ജാട്ട് നേതാക്കള്‍ ആരോപിക്കുന്നു. യുപിഎ സര്‍ക്കാര്‍ ജാട്ടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്തിയത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഹര്‍ജി നല്‍കാനോ നിയമനടപടികളുമായി മുന്നോട്ടുപോകാനോ എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് ജാട്ടുകള്‍ കുറ്റപ്പെടുത്തി. ജാട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള രാജ്യത്തെ 131 ലോക്‌സഭ മണ്ഡലങ്ങളില്‍ ബിജെപി മുന്നണിയെ പരാജയപ്പെടുത്താനായി പ്രചാരണം നടത്തുമെന്ന് ജാട്ട് ആന്ദോളന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ധരംവീര്‍ ചൗധരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

യുപിയിലെ കൈരാന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജാട്ട് – കര്‍ഷക രോഷം ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമാക്കിയിരുന്നു. മുസ്ലീങ്ങളേയും ജാട്ടുകളേയും ശത്രുതയില്‍ നിര്‍ത്തിയാണ് മുസഫര്‍നഗര്‍ വര്‍ഗീയ കലാപം അടക്കമുണ്ടായത്. എന്നാല്‍ പശ്ചിമ യുപിയിലെ ഇതേ മേഖലയില്‍ തന്നെ മുസ്ലീം ആയ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി ജയിച്ചത് ശ്രദ്ധേയമായിരുന്നു. ജാട്ടുകളേയും മുസ്ലീങ്ങളേയും എതിര്‍ചേരികളില്‍ നിര്‍ത്തിക്കൊണ്ടുള്ള വര്‍ഗീയ ധ്രുവീകരണ അജണ്ടക്കെതിരായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു. കരിമ്പ് കര്‍ഷകര്‍ക്കുള്‍പ്പെടയുള്ള ശക്തമായ പ്രതിഷേധങ്ങളും അതൃപ്തികളും ഇതില്‍ നിര്‍ണായകമായി. ബി എസ് പിക്ക് യുപിയില്‍ ജാട്ടുകള്‍ പ്രഖ്യാപിട്ടുള്ള പിന്തുണ എസ് പി – ബി എസ് പി സഖ്യത്തിന് നേട്ടമായേക്കും. ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജാട്ട് രോഷം ബിജെപിക്ക് തിരിച്ചടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍