UPDATES

വാര്‍ത്തകള്‍

വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കുമെന്ന് കാരാട്ട്; കോണ്‍ഗ്രസ് ആരെ സ്ഥാനാനാര്‍ത്ഥിയാക്കണം എന്ന് സിപിഎമ്മിന് പറയാനാകില്ലെന്ന് യെച്ചൂരി

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് യെച്ചൂരി.

വയനാട്ടില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ തോല്‍വി ഉറപ്പ് വരുത്താനായി പ്രവര്‍ത്തിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം കാണിക്കുന്നത്, അവര്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരായ പോരാട്ടത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നാണ് എന്ന് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. ഇത് ദേശീയ തലത്തില്‍ ബിജെപിക്കെതിരായ പോരാട്ടത്തിലെ പ്രതിബദ്ധത ചോദ്യം ചെയ്യുന്നതാണ്. കേരളത്തില്‍ ബിജെപിയുടെ മുഖ്യ എതിരാളി ഇടതുപക്ഷമാണ്. രാഹുല്‍ ഗാന്ധിയെ പോലൊരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞടുത്തതിന്റെ അര്‍ത്ഥം കോണ്‍ഗ്രസ് കേരളത്തിലെ ഇടതുപക്ഷത്തെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ്.

അതേസമയം കോണ്‍ഗ്രസ് ആരെ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആര് എവിടെ സ്ഥാനാര്‍ത്ഥിയാകണം എന്നത് ഒരോ പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യമാണ്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ കാര്യത്തിൽ സിപിഎമ്മിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്തെ നേരിടാൻ ആരു വന്നാലും അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. കേരളത്തിൽ വന്ന് മത്സരിച്ചാൽ അത് ബിജെപിക്കെതിരായ മത്സരമായി ആരെങ്കിലും കാണുമോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ മത്സരിക്കുമ്പോൾ അത് ഇടതുപക്ഷത്തിനെതിരായ മത്സരമായേ കാണാൻ കഴിയൂ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെയാണ് കോൺഗ്രസിന്റെയും രാഹുലിന്റെയും പോരാട്ടമെങ്കിൽ അത് ബിജെപിയുമായിട്ടായിരിക്കണം. വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥി ഉണ്ടെങ്കിലും മത്സരം ഇടതു മുന്നണി സ്ഥാനാർത്ഥിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുലിനെതിരെ ശക്തമായി നിലകൊള്ളുമെന്ന നിലപാടാണ് സിപിഎം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിൽ പല പ്രശ്നങ്ങളും ഉയർന്നു വന്നപ്പോൾ ആർഎസ്എസിനൊപ്പം നിലപാടെടുത്ത കോൺഗ്രസുകാരുണ്ട്. അവരെല്ലാം ഇത്തവണ തെരഞ്ഞെടുപ്പിൽ നിൽക്കുന്നുണ്ട്. ബിജെപിയുമായി ശക്തമായ നീക്കുപോക്ക് കോൺഗ്രസ് നടത്തുന്നുണ്ടെന്ന് കൂടുതൽ വെളിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍