UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ സ്ത്രീകള്‍ പോകണം: ആര്‍എസ്എസ് നേതാവ് ആര്‍ ഹരി

യുവതി പ്രവേശന കാര്യത്തില്‍ തുടക്കത്തില്‍ പരിഷ്‌കരണവാദികള്‍ പരാജയപ്പെട്ടാലും ഒടുക്കം വിജയമുണ്ടാകുമെന്നും ഹരി പുസ്തകത്തില്‍ പറയുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് പ്രമുഖ ആര്‍എസ്എസ് നേതാവ് ആര്‍ ഹരിയുടെ പുതിയ പുസ്തകം. ശബരിമലയില്‍ വര്‍ഷത്തില്‍ 365 ദിവസവും ദര്‍ശനസൗകര്യമേര്‍പ്പെടുത്തണമെന്നും തിരക്ക് കുറയ്ക്കാന്‍ പതിനെട്ടാംപടിയുടെ നീളം കൂട്ടണമെന്നും ഹരി എഴുതിയ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകത്തിലുണ്ട്. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം തടഞ്ഞുകൊണ്ട് സമരം നടത്തുന്നതിനെ ആര്‍ ഹരി എതിര്‍ക്കുന്നു. ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയ ആര്‍ ഹരി ദീര്‍ഘകാലം കേരള പ്രാന്ത പ്രചാരക് ആയിരുന്നു. പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ച ഹരിയുടെ പുതിയ ഗ്രന്ഥമാണ് ‘മാറ്റുവിന്‍ ചട്ടങ്ങളെ’. ശബരിമല പ്രശ്‌നത്തില്‍ സംഘര്‍ഷവും സമരവും സൃഷ്ടിക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയാണ് പുസ്തകത്തില്‍.

‘ദിവ്യാത്മാക്കളുടെ നൈഷ്ഠിക ബ്രഹ്മചര്യം’ എന്ന പന്ത്രണ്ടാം അധ്യായത്തില്‍ അമൃതാനന്ദമയി മഠത്തില്‍ പുരുഷന്മാരെ വിലക്കാന്‍ തീരുമാനിച്ചാല്‍ എന്താകുമെന്നും ചോദിക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കില്ലെന്ന് ശഠിക്കുന്നവര്‍ ക്ഷേത്രപ്രവേശന വിളംബരത്തെ എതിര്‍ത്തവരുടെ പിന്മുറക്കാരാണ്. സ്ത്രീകളെ നിഷേധിക്കുന്ന നിബന്ധന കാലഹരണപ്പെട്ടതാണ്. ദര്‍ശനവിലക്ക് നീക്കുന്നതോടൊപ്പം സ്ത്രീകളെ ബോധവത്കരിച്ച് പ്രബുദ്ധകളാക്കണം. പ്രവേശന കാര്യത്തില്‍ തുടക്കത്തില്‍ പരിഷ്‌കരണവാദികള്‍ പരാജയപ്പെട്ടാലും ഒടുക്കം വിജയമുണ്ടാകുമെന്നും ഹരി പുസ്തകത്തില്‍ പറയുന്നു. ആര്‍എസ്എസിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പുസ്തകം പ്രസാധകരായ കുരുക്ഷേത്ര പ്രകാശന്‍ അടുത്ത കാലത്ത് പിന്‍വലിച്ചിരുന്നു. എന്നാല്‍, പുസ്തകത്തിന് വിലക്കില്ലെന്നും വില്‍പ്പനയിലില്ലെന്നുമാണ് ഇതെക്കുറിച്ച് പ്രസാധകര്‍ നല്‍കുന്ന വിശദീകരണമെന്നും ദേശാഭിമാനി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍