UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിത മതിലിന് സർക്കാർ ഒരു രൂപ പോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വനിതാ മതിലിന് വേണ്ടി സർക്കാർ ആശയപ്രചാരണം നടത്തും.

വനിതാ മതിലിന് സർക്കാർ ഒരു രൂപ പോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കു നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിലിന് വേണ്ടി സർക്കാർ ആശയപ്രചാരണം നടത്തും.പരിപാടി എതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.

എൽ ഡി എഫ് സർക്കാരിന്റെ നേതൃത്വത്തിൽ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ ചെലവാകുന്ന തുക സ്ത്രീ സുരക്ഷക്ക് വേണ്ടി നീക്കിവെച്ച 50 കോടി രൂപയില്‍ നിന്നാണ് വിനിയോഗിക്കുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രളയാനന്തരം കേരളത്തിൽ മറ്റു പല പ്രശ്നങ്ങളും നേരിടുമ്പോൾ ഇത്രയും വലിയ തുക ചിലവാക്കുന്നതെന്തിനാണെന്നും, 50 കോടി മുഴുവൻ വനിതാ മതിലിനായി ചിലവഴിക്കുന്നുവെന്നുമുള്ള ആരോപണങ്ങളും ചോദ്യങ്ങളും പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നേരത്തെ വനിത മതിലിന്​ സർക്കാർ പണം ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് ഇറക്കിയ പത്രകുറിപ്പ്

വനിതാമതില്‍ ചെലവ്: വാര്‍ത്ത അടിസ്ഥാനരഹിതം, സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കില്ല

വനിതാമതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വനിതാമതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ ഈ രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ചതെന്ന് വ്യക്തമാണ്.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരസ്യമായ രേഖയാണ്. ആര്‍ക്കും അതു പരിശോധിക്കാവുന്നതേയുളളൂ. സര്‍ക്കാരിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 50 കോടി രൂപ വനിതാമതിലിന് ചെലവഴിക്കുമെന്നോ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി നടത്തുന്നതെന്നോ പറഞ്ഞിട്ടില്ല.

എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും 2018-ലെ ബജറ്റ് പ്രസംഗത്തിലും സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് വിശദീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

സ്ത്രീശാക്തീകരണം, സ്ത്രീകളുടെ ക്ഷേമം എന്നിവ സംബന്ധിച്ച് ആശയപ്രചാരണം നടത്തുന്ന കാര്യം 2018-19 ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അത് എടുത്തുപറയുകയാണ് സത്യവാങ്മൂലത്തില്‍ ചെയ്തത്.

സത്യവാങ്മൂലത്തില്‍ നിന്ന്: ‘സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുളള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലിംഗനീതിയെക്കുറിച്ച് ആഴത്തില്‍ അവബോധമുളള സമൂഹമായി കേരളം മാറേണ്ടതുണ്ട്. എല്ലാതരത്തിലുമുളള സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളെയും തുറന്നുകാണിക്കുന്നതിന് ശക്തമായ ആശയപ്രചാരണം ആരംഭിക്കണം. വിവിധ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കാളികളാക്കി വലിയ പ്രചാരണം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടികളില്‍ വനിതാവികസന വകുപ്പ് പ്രധാന പങ്ക് വഹിക്കും’. 2018-ലെ ബജറ്റ് പ്രസംഗത്തില്‍ സ്ത്രീശാക്തീകരണം സംബന്ധിച്ച് പറയുന്ന 67 മുതല്‍ 72 വരെയുളള ഖണ്ഡികകള്‍ സത്യവാങ്മൂലത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച അത്തരം പരിപാടികളില്‍ ഒന്നാണ് വനിതാ-ശിശുക്ഷേമ വകുപ്പുവഴി നടപ്പാക്കുന്ന വനിതാമതില്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുളളത്. പ്രളയദുരിതാശ്വാസത്തിന് ഉള്‍പ്പെടെയുളള ഫണ്ടുകള്‍ വകമാറ്റി ഇക്കാര്യത്തിന് ചെലവഴിക്കുന്നു എന്നുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വസ്തുതകള്‍ ഇതായിരിക്കെ, വനിതാമതില്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണെന്നും 50 കോടി രൂപ അതിന് ചെലവാക്കുമെന്നും മറ്റും വാര്‍ത്ത നല്‍കുന്നത് തീര്‍ത്തും ദുരുദ്ദേശ്യപരമാണ്. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ക്ക് 50 കോടി രൂപ വകയിരുത്തുന്നത് 2018 ഫെബ്രുവരി 2-ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പറഞ്ഞിട്ടുളളത്. ഈ അമ്പതു കോടിയില്‍ ഒരു പൈസ പോലും വനിതാമതില്‍ സംഘാടനത്തിന് ചെലവഴിക്കില്ല.

നവോത്ഥാനമൂല്യങ്ങളും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്നതിന് വനിതാമതില്‍ സംഘടിപ്പക്കാന്‍ തീരുമാനിച്ചത് 2018 ഡിസംബര്‍ 1-ന്റെ സാമൂഹ്യസംഘടനകളുടെ യോഗത്തിലാണ്. സ്ത്രീശാക്തീകരണം, ലിംഗനീതി, സ്ത്രീ-പുരുഷസമത്വം എന്നിവയെല്ലാം നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളാണ്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് അനുസൃതമായിത്തന്നെയാണ് വനിതാമതില്‍ സംഘടിപ്പിക്കാനുളള തീരുമാനവും. അതുകൊണ്ടാണ് സാമൂഹ്യസംഘടകളുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയത്. വനിതാമതില്‍ സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

വനിതാമതില്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാടുകള്‍ പൊതുവില്‍ ഹൈക്കോടതി ശരിവെച്ചിരിക്കയാണ്. 20-12-2018 ലെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാണ്. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കണക്കിലെടുത്തുകൊണ്ടാണ് നയപരമായ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞത്. പരിപാടിയുടെ സംഘാടനത്തിന് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍