UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരി രാജ്യസഭയിലേക്ക് പോകണമെന്ന് ബംഗാള്‍, വേണ്ടെന്ന് കേരളം: പിബിയില്‍ തീരുമാനമായില്ല

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതിനാല്‍ പ്രശ്‌നം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 23 മുതലാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതിനാല്‍ പ്രശ്‌നം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 23 മുതലാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. യെച്ചൂരി മത്സരിക്കുന്നതിനെ കേരള ഘടകം ഇന്നും പിബിയില്‍ ശക്തമായി എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ സീതാറാം യെച്ചൂരി പാര്‍ലമെന്റില്‍ തുടരേണ്ടത് അനിവാര്യമാണെന്ന നിലപാട് വ്യക്തമാക്കി മറ്റു ചില സംസ്ഥാന ഘടകങ്ങളും കേന്ദ്രകമ്മിറ്റി
അംഗങ്ങളും പിബിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ഇടപാടുകള്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്ന നിലപാടിലാണ് കേരള ഘടകം.

യെച്ചൂരിയുടേതുള്‍പ്പെടെ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് ആറ് സീറ്റുകളിലാണ് ഒഴിവ് വരുന്നത്. അംഗബലം മാത്രം നോക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ച് പേരെയും കോണ്‍ഗ്രസിന് ഒരാളെയും ജയിപ്പിക്കാം. ആകെ 31 എംഎല്‍എമാരുള്ള ഇടതുമുന്നണിയ്ക്ക്് തനിച്ച് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാവില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ എട്ട്് പേര്‍ ഭിന്നിച്ചുനില്‍ക്കുന്നതിനാല്‍ അവര്‍ക്ക് തനിച്ചും സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാവാത്ത സാഹചര്യമാണ്.

യെച്ചൂരിയാണ് ഇടത് സ്ഥാനാര്‍ഥിയെങ്കില്‍ തങ്ങള്‍ മത്സരിക്കില്ലെന്നും യെച്ചൂരിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ അവസരം മുതലെടുക്കണം എന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. യെച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് നിന്നുള്ള മറ്റ് രണ്ട് സിപിഎം അംഗങ്ങളായ തപന്‍ സെന്‍ അടുത്ത വര്‍ഷവും ഋതബ്രത ബാനര്‍ജി 2020ലും വിരമിക്കും.

നിലവില്‍ നിയമസഭയിലുള്ള അംഗബലം മാത്രം വച്ച് ഇനി പാര്‍ട്ടിക്ക് ആരെയും രാജ്യസഭയിലേക്ക് ജയിപ്പിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും അതിനാല്‍ യെച്ചൂരിയെ ഇപ്പോള്‍ സ്ഥാനാര്‍ഥിയാക്കണമെന്നും ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മേയ് 20ന് പിബിക്കുള്ള കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പിബി തള്ളിക്കളഞ്ഞു. തുടര്‍ന്ന്, കഴിഞ്ഞയാഴ്ച ബംഗാള്‍ സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റിന്റെ നിലപാട് വര്‍ത്തിച്ച് പ്രമേയം പാസാക്കി. അതാണ് പിബി പരിഗണിച്ചത്. പക്ഷേ, ഇതിലും തര്‍ക്കം തുടരുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍