UPDATES

ട്രെന്‍ഡിങ്ങ്

3000 സ്ത്രീകളുടെ മുന്നില്‍ നിന്ന് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധൈര്യം മോദിക്കുണ്ടോ?: രാഹുല്‍ ഗാന്ധി

വാദ്രയോ പ്രധാനമന്ത്രിയോ ആരുമാകട്ടേ. എല്ലാവരെക്കുറിച്ചും അന്വേഷിക്കൂ.

റോബര്‍ട്ട് വാദ്രയെക്കുറിച്ച് അന്വേഷിച്ചോളൂ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും അന്വേഷിക്കൂ എന്നാണ് ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ആരെക്കുറിച്ചും അന്വേഷിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. എല്ലാവര്‍ക്കും നിയമം ബാധകമാണ്. ചിലര്‍ക്ക് മാത്രം ഒഴിവുകഴിവുകള്‍ പാടില്ല. സര്‍ക്കാര്‍ രേഖകള്‍ പറയുന്നത് പ്രധാനമന്ത്രി നേരിട്ട് റാഫേല്‍ കരാറിലെ സമാന്തര വിലപേശലില്‍ ഉത്തരവാദിയാണ് എന്നാണ്. വാദ്രയോ പ്രധാനമന്ത്രിയോ ആരുമാകട്ടേ. എല്ലാവരെക്കുറിച്ചും അന്വേഷിക്കൂ.

ചോദ്യം ചോദിക്കുമ്പോള്‍ സര്‍ എന്ന് വിളിച്ച പെണ്‍കുട്ടിയോട് എന്നെ രാഹുല്‍ എന്ന് വിളിക്കാമോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ രാഹുലിന്റെ പ്രതികരണങ്ങളെ നേരിട്ടത്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്ത്, ഇതിനെക്കുറിച്ച് താങ്കള്‍ എന്ത് കരുതുന്നു, അതേക്കുറിച്ച് എന്ത് കരുതുന്നു എന്നെല്ലാം നിങ്ങളില്‍ എത്ര പേര്‍ക്ക് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ കഴിയും. എന്തുകൊണ്ടാണ് 3000 സ്ത്രീകളുടെ മുന്നില്‍ നിന്ന് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലാത്തത്? – രാഹുല്‍ ഗാന്ധി ചോദിച്ചു.

ഇന്ന് വൈകീട്ട് ചെന്നൈ ലേ മെറിഡിയനില്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളേജ് ഗ്രൗണ്ടില്‍ റാലിയില്‍ രാഹുല്‍ പ്രസംഗിക്കും. മോദിയോട് വെറുപ്പില്ല. മോദിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ലോകത്തിന്റെ സൗന്ദര്യം കാണാന്‍ മോദിക്ക് കഴിയില്ലെന്ന് മനസിലായപ്പോളാണ്, എന്റെ സ്‌നേഹമെങ്കിലും മോദി അറിയട്ടെ എന്ന് കരുതി ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചത് – രാഹുല്‍ ഗാന്ധി പറഞ്ഞു. അമ്മയില്‍ നിന്ന് പഠിച്ചത് വിനയം ആണെന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍