UPDATES

തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപ്രത്രിയില്‍ എട്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ യുവതി മരിച്ചത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഈ മാസം 13നാണ് സംഭവമുണ്ടായത്. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപ്രത്രിയില്‍ എട്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ യുവതി മരിച്ചത്. എട്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. പ്രതി കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ സംഭവ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി യുവാവ് പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടി റേഡിയോളജി കോഴ്സ് വിദ്യാര്‍ഥിനിയായിരുന്നു. രാവിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം നടന്നയുടന്‍ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കത്തിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക്‌ വെള്ളം കോരിയൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു.

സംഭവം നടന്നതിന് പിന്നാലെ പ്രണയ പരാജയമാണ് ഇത്തരമൊരു കൃത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന അജിന്‍ പോലീസിനോട് പറഞ്ഞു. അയിരൂര്‍ സ്വദേശിനിയായ 18കാരിയാണ് യുവാവിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. ബൈക്കില്‍ രണ്ട് കുപ്പി പെട്രോളുമായാണ് അജിന്‍ പെണ്‍കുട്ടി പഠിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം എത്തിയത്. ഒരു കുപ്പി പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് പെണ്‍കുട്ടിയെ ജീവനോടെ ആശുപത്രിയിലെത്തിക്കാനതെന്ന് പോലീസ് പറയുന്നു.

പ്ലസ്ടുവിന് പഠിക്കുന്ന സമയം മുതല്‍ അജിനും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇത് വീട്ടുകാര്‍ എതിര്‍ത്തു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്‍മാറി. പലതവണ വിവാഹാഭ്യര്‍ഥനയുമായി അജിന്‍ പെണ്‍കുട്ടിയെ കണ്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഒഴിഞ്ഞ് മാറി. ഇതാണ് അജിനെ കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍