UPDATES

ട്രെന്‍ഡിങ്ങ്

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു; കൊല്ലത്തെ ആളുമാറി കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തെക്കുംഭാഗം എസ് ഐ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന്‍ ആരോപിച്ചിരുന്നു

രഞ്ജിത് കൊലക്കേസ് അന്വേഷണ ചുമതലയില്‍ നിന്ന് തെക്കുംഭാഗം എസ്‌ഐയെ മാറ്റി. ചവറ സി ഐ ചന്ദ്രദാസിന് അന്വേഷണ ചുമതല കൈമാറി. തെക്കുംഭാഗം എസ് ഐ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന്‍ ആരോപിച്ചിരുന്നു. ആളുമാറിയ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഐടിഐ വിദ്യാര്‍ഥി തേവലക്കര അരിനല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കേതില്‍ രഞ്ജിത് ചികിത്സയില്‍ കഴിയവെ കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്.

പ്രതികളുടെ ഒപ്പം രഞ്ജിത്തിന്റെ ബന്ധുക്കളേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലീസ് ഒത്തുതീര്‍പ്പിന് ശ്രമം നടത്തിയതായായിരുന്നു ആരോപണം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റേഷനിലേക്ക് വരണമെന്ന് എസ് ഐ ആവശ്യപ്പെട്ടിരുന്നതായും താനത് നിരസിച്ചപ്പോള്‍ കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എസ് ഐ ഭിഷണിപ്പെടുത്തിയതായും രഞ്ജിത്തിന്റെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. കേസ് അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ലെന്നും മൊഴിയെടുക്കാന്‍ പോലും പോലീസ് എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. രഞ്ജിത് മരിച്ച ശേഷം മാത്രമാണ് കേസില്‍ മുഖ്യപ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് രഞ്ജിത് മരിച്ചത്.

വിനീതിനൊപ്പം രഞ്ജിത്തിനെ മര്‍ദ്ദിക്കാനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയും വീട്ടിലെത്തിയതായി ബന്ധുക്കളും ദൃക്‌സാക്ഷികളും മൊഴിനല്‍കിയിരുന്നു. എന്നാല്‍ ഇയാളെ ഇതുവരേയും കേസില്‍ പ്രതിയാക്കിയിട്ടില്ല. സംഭവത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവുള്‍പ്പെട്ടിട്ടുണ്ടെന്നും ഭരണസ്വാധീനമുപയോഗിച്ച് രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നതായും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ആരോപിച്ചിരുന്നു. എന്നാല്‍ സരസന്‍പിള്ളയുടെ പങ്ക് സിപിഎം ജില്ലാ നേതൃത്വമുള്‍പ്പെടെ പൂര്‍ണമായും തള്ളി. സരസന്‍പിള്ള കേസില്‍ ഉള്‍പ്പെട്ടതായി ഇതേവരെ യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നും അഥവാ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടെങ്കില്‍ തക്ക നടപടിയെടുക്കുമെന്നും സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.

ഫെബ്രുവരി 14ന് രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ച് ഐടിഐ വിദ്യാര്‍ഥി രഞ്ജിത്തിന്റെ വീട്ടിലെത്തിയ വിനീതും സംഘവും രഞ്ജിത്തിനെ മര്‍ദ്ദിച്ചു. അടിയേറ്റ് ബോധരഹിതനായി വീണ രഞ്ജിത്തിനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തേടിയ ശേഷം വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ തൊട്ടടുത്ത ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജിത്തിനെ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രഞ്ജിത് മരിച്ചു. പെണ്‍കുട്ടിയെ കളിയാക്കിയ വിഷയത്തില്‍ രഞ്ജിത് നിരപരാധിയാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിരുന്നു. ആളുമാറി ആക്രമണം നടന്നിട്ടും പോലീസ് പ്രതികളെ പിടിക്കാനോ രഞ്ജിത്തിന്റെ മൊഴിയെടുക്കാനോ എത്തിയിരുന്നില്ല എന്നായിരുന്നു ബന്ധുക്കളുടെ പരാതി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വെള്ളിയാഴ്ച പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍