UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് കൂട്ടക്കൊല: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളി

ആര്‍കെ രാഘവന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി 2012ലാണ് മോദിയടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. സാകിയ ജാഫ്രി ആരോപിക്കുന്ന യാതൊരു കാര്യത്തിനും തെളിവില്ലെന്നായിരുന്നു എസ്‌ഐടി റിപ്പോര്‍ട്ട്. വര്‍ഗീയ കലാപം തടയാന്‍ മോദി കഴിയാവുന്നതെല്ലാം ചെയ്തു എന്നായിരുന്നു ആര്‍കെ രാഘവന്‍ ടീമിന്റെ റിപ്പോര്‍ട്ട്.

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ എസ്‌ഐടിയുടെ (സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം) നടപടിക്കെതിരെ, കൊല്ലപ്പെട്ട എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉന്നതതല ഗുഢാലോചന നടന്നിട്ടെന്ന സാകിയ ജാഫ്രിയുടെ വാദം കോടതി അംഗീകരിച്ചില്ല. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ 69 പേരില്‍ ഒരാളാണ് മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രി.

ആര്‍കെ രാഘവന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി 2012ലാണ് മോദിയടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. സാകിയ ജാഫ്രി ആരോപിക്കുന്ന യാതൊരു കാര്യത്തിനും തെളിവില്ലെന്നായിരുന്നു എസ്‌ഐടി റിപ്പോര്‍ട്ട്. വര്‍ഗീയ കലാപം തടയാന്‍ മോദി കഴിയാവുന്നതെല്ലാം ചെയ്തു എന്നായിരുന്നു ആര്‍കെ രാഘവന്‍ ടീമിന്റെ റിപ്പോര്‍ട്ട്. എസ്‌ഐടി റിപ്പോര്‍ട്ടിനെതിരായ സാകിയയുടെ ഹര്‍ജി 2013ല്‍ കീഴ്‌കോടതി തള്ളിയിരുന്നു. 2014 മാര്‍ച്ചിലാണ് സാകിയ ഹൈക്കോടതിയെ സമീപിച്ചത്.

ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് എസ്‌ഐടി പുനരന്വേഷണം നടത്തിയ 10 പ്രധാന കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ സൊസൈറ്റി കേസ്. കലാപകാരികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും മുന്‍ എംപിയായ എഹ്‌സാന്‍ ജാഫ്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സാകിയ പറയുന്നു. എന്നാല്‍ യാതൊരു സഹായവും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷം ഗുല്‍ബര്‍ഗ കേസില്‍ 24 പേരെ അഹമ്മദാബാദിലെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. അതേസമയം ബിജെപി നേതാവടക്കം 36 പ്രതികളെ വെറുതെ വിടുകയും ചെയ്തു. 11 പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ആയുര്‍വേദ ഡോക്ടറായ വിഎച്പി നേതാവ് അതുല്‍ വേദ് അടക്കമുള്ള 13 പേര്‍ക്കെതിരെ മേല്‍ ചെറിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍