UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രോഗികളേക്കാള്‍ പരിചരണം കിട്ടുന്ന ഡോക്ടർമാരും ആശുപത്രി മുതലാളിമാരും: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാസാക്കിയ ഒരു ബില്‍

ചുരുക്കത്തിൽ രോഗികൾക്കെതിരെ ഏകപക്ഷീയമായി കുറ്റാരോപണം നടത്തി ശിക്ഷ വാങ്ങിക്കൊടുക്കാൻ പാകത്തിന് ബില്ല് പാസാക്കപ്പെട്ടു. കടുത്ത ശിക്ഷാവിധികളാണ് ബില്ലിലൂടെ നിലവില്‍ വന്നത്.

ഡോക്ടർമാരും സ്വകാര്യ ആശുപത്രി ഉടമകളും അടങ്ങുന്ന സമൂഹത്തിന് രോഗികളെക്കാൾ പരിചരണവും ശുശ്രൂഷയും കിട്ടിയിട്ടുണ്ട് എല്ലാ കാലത്തും. എന്നാൽ ഡോക്ടർമാരുടെ ഇര വാദത്തിന് ഒരു കാലത്തും കുറവൊന്നുമുണ്ടായിട്ടില്ല. സമൂഹം തങ്ങള്‍ക്കെതിരാണെന്ന ബോധം വലിയ വിഭാഗം ഡോക്ടർമാരെയും നയിക്കുന്നുണ്ടെന്ന് സംശയിക്കാവുന്ന വിധത്തിലാണ് പലപ്പോഴും പൊതുസമൂഹത്തോടുള്ള അവരുടെ പെരുമാറ്റം. തങ്ങളെ ഒരു പീഡിത വർഗമായി സ്വയം ചിത്രീകരിച്ച് കൂടുതൽ പ്രിവിലേജുകൾ നേടാൻ നടത്തുന്ന നീക്കങ്ങൾ നേരത്തെയും സമൂഹം ശ്രദ്ധിക്കുകയും വിമർശനങ്ങളുന്നയിക്കുകയും ചെയ്തിട്ടുണ്ട്.

ഡോക്ടർ-ആശുപത്രിമുതലാളി സമൂഹത്തിന് സര്‍ക്കാരില്‍ നിന്നും ലഭിച്ച പ്രത്യേക പരിചരണത്തിന് ഉദാഹരണമാണ് ‘2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ബിൽ’. ശക്തമായ ലോബിയിംഗ് ഈ ബില്ലിന് പിന്നിൽ നടന്നിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. തുടക്കത്തില്‍ ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരായ ആക്രമണങ്ങൾ തടയുക എന്നതിനൊപ്പം രോഗികളുടെ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുക എന്നതു കൂടി വ്യവസ്ഥ ചെയ്തിരുന്ന ഈ ബില്‍ പിന്നീട് വൻതോതിൽ അട്ടിമറിക്ക് വിധേയമായി. രോഗികളുടെ അവകാശത്തെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പുകളെല്ലാം നീക്കം ചെയ്യുകയോ തിരുത്തുയോ ചെയ്തു. ചുരുക്കത്തിൽ രോഗികൾക്കെതിരെ ഏകപക്ഷീയമായി കുറ്റാരോപണം നടത്തി ശിക്ഷ വാങ്ങിക്കൊടുക്കാൻ പാകത്തിന് ബില്ല് പാസാക്കപ്പെട്ടു. കടുത്ത ശിക്ഷാവിധികളാണ് ബില്ലിലൂടെ നിലവില്‍ വന്നത്.

വിഎസ് അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്ത് 2010 ഓഗസ്റ്റ് മാസത്തിൽ ആരോഗ്യമന്ത്രി പികെ ശ്രീമതി കൊണ്ടുവന്ന ഓർഡിനൻസ് ഗൗരവമേറിയ ചില വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതായിരുന്നു. ചികിത്സാ സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോള്‍ ബന്ധുക്കളും നാട്ടുകാരും ആശുപത്രി തകർക്കുകയോ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആക്രമിക്കുകയോ ചെയ്യുന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. എന്നാല്‍ ഈ പ്രശ്നത്തിന്‍റെ മറുവശം കൂടി ഓർഡിനൻസ് പരിഗണനയ്ക്കെടുത്തിരുന്നു. രോഗികൾക്ക് വേണ്ട പരിചരണം കിട്ടാതിരിക്കുകയോ ചികിത്സ കിട്ടാതെ മരണം സംഭവിക്കുകയോ ചെയ്താൽ പരാതിപ്പെടാൻ ഒരു സംവിധാനം ഉണ്ടാക്കാനുള്ള വകുപ്പ് ഓർഡിനൻസിലുണ്ടായിരുന്നു.

എന്നാല്‍ ഓർഡിനൻസ് മൂന്നുവട്ടം പുതുക്കുകയല്ലാതെ ബില്ല് പാസാക്കിയെടുക്കാൻ ഇടതു സർക്കാരിന് കഴിയുകയുണ്ടായില്ല. പിന്നീടുവന്ന ഉമ്മൻ ചാണ്ടി സർക്കാരിന് അതിനുള്ള അവസരം നൽകുകയാണ് ഇടതുപക്ഷം ചെയ്തത്.

ഉമ്മന്‍ ചാണ്ടി സർക്കാർ ഈ ഓര്‍ഡിനൻസ് ബില്ലാക്കുമ്പോൾ വരുത്തിയ മാറ്റങ്ങൾ നിയമസഭയ്ക്ക് പുറത്ത് കാര്യമായി ചർച്ച ചെയ്യപ്പെടുകയുണ്ടായില്ല. ഓർഡിനൻസിലെ ആറാം വകുപ്പായി ചേർത്തിരുന്ന, രോഗികൾക്കും രോഗികളുടെ ബന്ധുക്കൾക്കും ചികിത്സാ സംബന്ധമായ പരാതി പറയാൻ ഒരു സംവിധാനത്തിന് രൂപം കൊടുക്കണമെന്ന നിർദ്ദേശത്തെ എടുത്തുമാറ്റിയാണ് ബിൽ അവതരിപ്പിക്കപ്പെട്ടത്.

ചുരുക്കത്തിൽ ആശുപത്രി മുതലാളിമാര്‍ക്കായി കൊണ്ടുവന്ന ബില്ലായി ‘2012-ലെ കേരള ആരോഗ്യരക്ഷാ സേവനപ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ബിൽ’ മാറി!

ചികിത്സ ലഭിക്കാതെയും ചികിത്സാപ്പിഴവ് മൂലവും രോഗികൾ മരിക്കുമ്പോഴും മറ്റും ബന്ധുക്കൾക്കുണ്ടാകുന്ന രോഷം മൂലമുണ്ടാകുന്ന ആക്രമണത്തിന്മേൽ പ്രത്യേകമായ ശിക്ഷാനടപടികൾ കൊണ്ടുവരൽ മാത്രമായി ഈ ബില്ല് ഒതുങ്ങി. അതായത് ഇത്തരം അക്രമങ്ങൾ, അതെത്ര ചെറുതാണെങ്കിലും ജാമ്യം ലഭിക്കാത്ത കുറ്റമായി മാറി. 3 വർഷം തടവും 50,000 രൂപ പിഴയും ലഭിക്കുന്ന കുറ്റം. രണ്ടു ശിക്ഷയും ഒരുമിച്ചാണെന്ന പ്രത്യേകതയുമുണ്ട്. കേടുവരുന്ന ഉപകരണങ്ങളുടെ ഇരട്ടിവില കുറ്റക്കാരിൽ നിന്നും ഈടാക്കാം എന്നതാണ് മറ്റൊരു വ്യവസ്ഥ. ഈ തുക നൽകാനുള്ള പാങ്ങ് കേസിലകപ്പെട്ട രോഗിക്കോ ബന്ധുക്കൾക്കോ ഇല്ലെങ്കിൽ റവന്യൂ റിക്കവറി മൂലം ഈടാക്കാം!

ഡോക്ടർമാർക്കും ആശുപത്രി മുതലാളിമാർക്കും ബില്ലിലൂടെ പ്രത്യേക പരിരക്ഷ കിട്ടിയപ്പോൾ രോഗികളാണ് വെട്ടിലായത്. അവർക്ക് പരാതികളുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ സാധാരണമായ നിയമവ്യവസ്ഥകൾ മാത്രം മതിയെന്ന് സർക്കാർ തീരുമാനിച്ചു.

രോഗിക്കായി സർക്കാർ ഒന്നും ചെയ്തില്ലെന്ന് കരുതരുത്. ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും രോഗിക്കോ ബന്ധുക്കൾക്കോ ആശുപത്രി അധികൃതർ നൽകിയിരിക്കണം.

പൊതുജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാതെ ആശുപത്രി ഉടമകൾക്ക് വേണ്ടിമാത്രം നടത്തിയ ഒരു നിയമനിർമാണമാണിതെന്ന് അന്ന് പ്രതിപക്ഷം വാദിക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്തുവെങ്കിലും അതെല്ലാം തള്ളി, കാര്യമായ മാറ്റമൊന്നും കൂടാതെ ബില്ല് പാസായി. നിരപരാധികളായ രോഗികളും കൂട്ടിരിപ്പുകാരും ബന്ധുക്കളുമൊക്കെ അന്യായമായ വിധത്തിൽ കേസിലുൾപ്പെടാനുള്ള സാധ്യതയും ബില്ലിന്‍റെ ചർച്ചയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ബില്ലിൽ ആരോ ഇടപെട്ടെന്ന സംശയം ബില്ലവതരണ വേളയില്‍ തന്നെ ഉയർന്നു വന്നിരുന്നു. രോഗികൾക്കായുള്ള പരാതി പരിഹാര സെല്ലിന്‍റെ ഘടനയും അധികാരങ്ങളും പ്രവർത്തനത്തിനുള്ള നടപടിക്രമങ്ങളും ചട്ടങ്ങൾ ചേർത്ത് നിർണയിക്കാമായിരുന്നു വിധത്തിലായിരുന്നു ബില്ലിലെ നിർദ്ദേശങ്ങൾ. ഡോക്ടറെ ചോദ്യം ചെയ്യുന്ന രോഗിക്കോ ബന്ധുക്കൾക്കോ എതിരെ വ്യാജ പരാതികൾ നൽകാനുള്ള സാധ്യതയും ബില്ലിലൂടെ കൈവന്നു എന്നതും കാണണം. ഏത് മരുന്നാണ് രോഗിക്ക് നൽകിയത് എന്ന ചോദ്യം പോലും ആക്രമണമായി വ്യാഖ്യാനിക്കപ്പെട്ട് ചോദ്യം ചെയ്തയാളിനെ മൂന്നുവർഷം ജയിലിലടയ്ക്കാൻ ഈ ബില്ലിലൂടെ സാധിക്കുമെന്ന നില വന്നു.

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍