UPDATES

സിനിമ

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അന്വേഷണം തുടരും

ഗൂഡാലോചനയില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു കണ്ടെത്തണം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി ഏഴുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന സൂചനയാണു പൊലീസ് നല്‍കുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന അന്വേഷണം തുടരുകയാണ്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ടെത്താനാകും എന്ന വിശ്വാസത്തിലാണു പൊലീസ്.
സുനിയെ ഒന്നാം പ്രതിയാക്കി ഏഴുപേര്‍ക്കെതിരെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രതികള്‍- കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി (നടിയെ തട്ടികൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍), മണികണ്ഠന്‍, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം (ഇവര്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കാളികളാണ്), ഇരിട്ടി സ്വദേശി ചാര്‍ളി തോമസ് (കുറ്റവാളികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചു) എന്നിവരാണ്. സംഭവത്തിനു ശേഷം സുനിയും, വിജേഷും ഒളിവില്‍ കഴിഞ്ഞ കോയമ്പത്തൂരിലുള്ള വാടക വീട് ചാര്‍ളിയുടെതാണെന്ന് കണ്ടെത്തിയിരുന്നു.

165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള 375 പേജുള്ള കുറ്റപത്രത്തില്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചന, തടങ്കലില്‍ പാര്‍പ്പിക്കല്‍, പീഡനം, ഭീഷണിപ്പെടുത്തല്‍, കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം, ശരീര ഭാഗങ്ങള്‍ അനുമതിയില്ലാതെ ചിത്രീകരിക്കുക, ഇവ അനുമതിയില്ലാതെ പ്രചരിപ്പിക്കുക എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. കൂടാതെ കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സുനിയും സംഘവും നടിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സുനി ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങളും ഫോറന്‍സിക് പരിശോധന ഫലങ്ങളുമാണ് പ്രതികള്‍ക്കെതിരെ പോലീസ് സമര്‍പ്പിച്ച പ്രധാന തെളിവുകള്‍. കൂടാതെ സുനിയുടെ വക്കാലത്ത് ആദ്യം എടുത്ത അഭിഭാഷകന്‍ പ്രതീഷ് ചാക്കോ കേസിലെ സാക്ഷിയാണ്. പ്രതീഷിന്റെ കൈയിലാണ് സുനി, നടിയുടെ ചിത്രങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും മറ്റ് പ്രധാന രേഖകളും കൈമാറിയത്. പ്രതീഷ് ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതീഷിനെ ഏല്‍പ്പിച്ചെന്ന് സുനി ആദ്യം തന്നെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം പ്രതീഷിനെ രണ്ടു തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ പ്രതീഷിനെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യാനായി പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

കുറ്റപത്രത്തില്‍ സുനിയുടെ മൊഴിയില്‍ പറയുന്നത് താനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ്. ഈ മൊഴി അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ മറ്റ് പ്രതികള്‍ കൂടി ഉണ്ടോയെന്നും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്നുമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരും. സംഭവം നടന്ന് രണ്ടു മാസം പൂര്‍ത്തിയായതിന് പിന്നാലെയാണ് കുറ്റപത്രം നല്‍കിയത്. കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍