UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“നീയാണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസിൽ പരാതി കൊടുത്തത്?” -ബസ്സിലെ ഭീകരാനുഭവം വിവരിച്ച് അക്രമത്തിനിരയായ യാത്രക്കാരൻ

പരാതി കൊടുത്താൽ പോലും നടപടിയുണ്ടാകുമോയെന്ന് ഉറപ്പില്ല. കാരണം കല്ലട സുരേഷാണ് ഇതെല്ലാം ചെയ്യിച്ചത്. തന്റെ ബാഗും മൊബൈലും ഗുണ്ടകൾ പിടിച്ചു വാങ്ങിയതായും ഒരു ലക്ഷത്തിലധികം രൂപ ബാഗിലുണ്ടായിരുന്നെന്നും അജയഘോഷ് പറയുന്നു.

പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് കല്ലട സുരേഷിന്റെ ഗുണ്ടകളുടെ ക്രൂരമായ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അജയഘോഷ് വെളിപ്പെടുത്തി. മനോരമ ഓൺലൈനിനോടാണ് അജയഘോഷ് കല്ലട ബസ്സിലുണ്ടായ അനുഭവം വിവരിച്ചത്. രാത്രി പത്തുമണിയോടെയാണ് ബസ്സ് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടത്. ഒരു മയക്കം കഴിഞ്ഞ് എഴുന്നേറ്റ് നോക്കുമ്പോൾ ബസ്സ് ഹരിപ്പാട് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയാണ്. കുറച്ച് വിദ്യാർത്ഥികൾ ബസ് ജീവനക്കാരോട് സംസാരിക്കുന്നുണ്ടായിരുന്നു. ബസ്സ് ബ്രേക്ക് ഡൗണ്‍ ആണെന്നും വണ്ടി ഉടൻ പോകില്ലെന്നുമായിരുന്നു ജീവനക്കാരുടെ നിലപാട്. ഇതോടെ അജയഘോഷ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചു. ‘തിരുവനന്തപുരത്തു നിന്ന് മെക്കാനിക്ക് വരും. എന്നിട്ട് നീയൊക്കെ പോയാ മതി’ എന്നായിരുന്നു അവിടെ നിന്നുള്ള മറുപടി.

ഇതോടെ താൻ പൊലീസിൽ വിവരമറിയിച്ചെന്ന് അജയഘോഷ് പറയുന്നു. ഇവരാണ് പുതിയ ബസ്സ് എത്തിക്കണമെന്ന് കർശന നിലപാടെടുത്തത്. പൊലീസ് തങ്ങളെ യാത്രയാക്കിയതിനു ശേഷം കൊച്ചിയിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പതിനഞ്ച് പേരോളമടങ്ങുന്ന സംഘം വണ്ടിയിൽ കയറി വന്ന് ആക്രമണം തുടങ്ങി. “നീയാണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസിൽ പരാതി നൽകിയത്?” എന്ന് ചോദിച്ചായിരുന്നു മർദ്ദനം. തന്നെ മർദ്ദിക്കുന്നതു കണ്ട് ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇടപെട്ടു. 22 വയസ്സ് പ്രായം വരുന്ന ആ വിദ്യാർത്ഥികളെ അതിക്രൂരമായാണ് ഗുണ്ടകൾ ആക്രമിച്ചതെന്ന് അജയഘോഷ് പറയുന്നു.

ജീവനു തന്നെ ഭീഷണിയാകുന്ന വിധത്തിലായിരുന്നു മർദ്ദനം. ഇതോടെ കുതറിയോടാൻ ശ്രമിച്ച തന്റെ തലയ്ക്ക് കരിങ്കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായി അജയഘോഷ് പറയുന്നു. തന്നെ പ്രതിരോധിക്കാൻ വന്ന കുട്ടികളോട് കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയാണ് അവർ കാണിച്ചത്. പരാതി കൊടുത്താൽ പോലും നടപടിയുണ്ടാകുമോയെന്ന് ഉറപ്പില്ല. കാരണം കല്ലട സുരേഷാണ് ഇതെല്ലാം ചെയ്യിച്ചത്. തന്റെ ബാഗും മൊബൈലും ഗുണ്ടകൾ പിടിച്ചു വാങ്ങിയതായും ഒരു ലക്ഷത്തിലധികം രൂപ ബാഗിലുണ്ടായിരുന്നെന്നും അജയഘോഷ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍