UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിൽ അമിത് ഷായുടെ വിമാനമിറങ്ങാന്‍ അനുമതി നിയമാനുസൃതം; ആര് അഭ്യർത്ഥിച്ചാലും അനുമതി നൽകാം: കിയാൽ

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡിസംബര്‍ 6 വരെ നോണ്‍ ഷെഡ്യൂള്‍ഡ് ഓപ്പറേഷന്‍സിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും തുടര്‍ന്നും അനുമതി ആവശ്യാനുസരണം നല്‍കുമെന്നും ‘കിയാല്‍’ അറിയിച്ചു.

കണ്ണൂരിൽ അമിത് ഷായുടെ വിമാനമിറങ്ങാൻ അനുമതി നൽകിയത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയാണെന്ന് ‘കിയാൽ’ അധികൃതർ. അമിത് ഷായെ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യത്തെ യാത്രക്കാരനാക്കാൻ കേരള സർ‌ക്കാരാണ് വിമാനമിറങ്ങാൻ അനുമതി നൽ‌കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കിയാൽ ഒരു പത്രക്കുറിപ്പിലൂടെ വസ്തുത അറിയിക്കുന്നത്. നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപറേഷന്‍ ലൈസന്‍സ് ലഭിച്ച ഒരു എയര്‍പോര്‍ട്ട് എന്ന നിലയില്‍ ആര് അഭ്യര്‍ത്ഥിച്ചാലും എയര്‍പോര്‍ട്ട് കമ്പനിക്ക് വിമാനം ഇറക്കുവാനുള്ള അനുമതി നല്‍കാവുന്നതാണെന്ന് കിയാൽ ചൂണ്ടിക്കാട്ടി.

കിയാൽ പുറത്തിറക്കിയ പത്രക്കുറിപ്പ് താഴെ വായിക്കാം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമിത്ഷായുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയത് കേരള ഗവണ്‍മെന്‍റ് അല്ലെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയാണെന്നും ‘കിയാല്‍’ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപറേഷന്‍ 2018 ഡിസംബര്‍ 6-ന് ശേഷമാണ് അനുവദിക്കാവുന്നതെങ്കിലും നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപറേഷന്‍ ലൈസന്‍സ് ലഭിച്ച ഒരു എയര്‍പോര്‍ട്ട് എന്ന നിലയില്‍ ആര് അഭ്യര്‍ത്ഥിച്ചാലും എയര്‍പോര്‍ട്ട് കമ്പനിക്ക് വിമാനം ഇറക്കുവാനുള്ള അനുമതി നല്‍കാവുന്നതാണ്. അതിന് ആവശ്യമായ ചിലവ് അതാത് വിമാനക്കമ്പനികള്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവള കമ്പനിക്ക് നല്‍കണമെന്ന് മാത്രം. അതനുസരിച്ച് അമിത്ഷായുടെ വിമാനത്തിന് അനുമതി നല്‍കുകയും ആ കമ്പനി നിയമാനുസ്യതമായി തരേണ്ട ചാര്‍ജ്ജ് നല്‍കുകയുമുണ്ടായി. ഇത് കൂടാതെ, രണ്ട് നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകള്‍ക്കും വിമാനത്താവള കമ്പനി അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ ഭരണകാലത്ത് പരീക്ഷണ പറക്കല്‍ നടത്തിയപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒട്ടുമിക്ക ജോലികളും ബാക്കിയായിരുന്നു. അന്ന് റണ്‍വേ ഏകദേശം 2300-ഓളം മീറ്റര്‍ മാത്രമാണ് പണി കഴിഞ്ഞിരുന്നത്. റണ്‍വേ ആന്‍റ് സേഫ്റ്റി എരിയ, പാരലല്‍ ടാക്സി വേ, എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ്ങ്, അപാച്ച് ലൈറ്റിങ്ങ്, ഹയര്‍ സ്റ്റേഷനുകള്‍, നാവിഗേഷന് വേണ്ടിയുള്ള DVOR, സുരക്ഷാമതില്‍, ATC ടവര്‍ എന്നിവയുടെ പണികള്‍ പൂര്‍ത്തിയായിരുന്നില്ല. മാത്രമല്ല, വൈദ്യുതി, വെള്ളം എന്നീ അവശ്യ സര്‍വ്വീസുകള്‍ തയ്യാറായിരുന്നില്ല. അകത്തുള്ള വിവിധ റോഡുകളും പണിതിരുന്നില്ല. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങിന്‍റെ പണി പോലും ഏകദേശം 50% മാത്രമായിരുന്നു പൂര്‍ത്തിയായത്.

ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മേല്‍പറഞ്ഞ കാര്യങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കൂടാതെ അത്യാധുനിക എക്സ്റേ, എയറോബ്രിഡ്ജ് എന്നിവയും വിവിധ നൂതന ഉപകരണങ്ങളും ഇന്‍സ്റ്റലേഷന്‍സും എയര്‍പോര്‍ട്ടില്‍ സജ്ജമാക്കുകയും എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തിന് ആവശ്യമായ ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്തു. DGCAയുടേതടക്കം വിവിധ പരിശോധനകള്‍ക്ക് ശേഷം വളരെ പെട്ടെന്ന് തന്നെ ലൈസന്‍സ് ലഭിക്കുകയും ചെയ്തു. വളരെ കൃത്യമായും വേഗത്തിലുമുളള പ്രവര്‍ത്തനമാണ് ഇതിന് വേണ്ടി നടത്തിയത്. എയറോഡ്രോം ലൈസന്‍സിങ്ങ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ന്യൂഡല്‍ഹിയില്‍ ഒരു സ്പെഷ്യല്‍ ഓഫീസറെ കേരള സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡിസംബര്‍ 6 വരെ നോണ്‍ ഷെഡ്യൂള്‍ഡ് ഓപ്പറേഷന്‍സിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും തുടര്‍ന്നും അനുമതി ആവശ്യാനുസരണം നല്‍കുമെന്നും ‘കിയാല്‍’ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍